മരടിലെ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചവരില്‍ പ്രമുഖന്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തു

MARADU

മരടിലെ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചവരില്‍ പ്രമുഖന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ജെയിന്‍ ഹൗസിങ് കമ്ബനി മാനേജിങ് ഡയറക്ടര്‍ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്.

തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി തമിഴ്നാട്ടിലെ എജിക്കും ഡിജിപിക്കും കത്തയച്ചു.

ചട്ടംലംഘിച്ച്‌ ഫ്ളാറ്റ് നിര്‍മ്മിച്ച ഒരാളെ ആദ്യം തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബാക്കിയുള്ളവരെല്ലാം ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

ശക്തമായ എതിര്‍പ്പുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും കോടതിയിലെത്തിയിരുന്നു. ആ‍ല്‍ഫാ സെറീന്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച പോള്‍ രാജിന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് തോല്‍പിച്ച്‌ ഉത്തരവ് വാങ്ങി.

ഇതിനിടെയാണ് അനധികൃത നിര്‍മാണങ്ങളില്‍ ഏറ്റവും വലുതും ചെലവേറിയതുമായ ജെയിന്‍ കോറല്‍കോവ് കെട്ടിപ്പൊക്കിയ കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് മേത്ത ഇക്കഴിഞ്ഞ 18ന് അതീവ രഹസ്യമായി മുന്‍കൂര്‍ ജാമ്യം നേടിയത്.

ബന്ധപ്പെട്ട കോടതിയെ നേരിട്ട് സമീപിച്ച്‌ വിശദീകരണം നല്‍കാന്‍ പ്രതിക്ക് സാവകാശം നല്‍കിക്കൊണ്ടുള്ള ഇടക്കാല ജാമ്യമാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിലെ കോടതിയില്‍ ഇനി വീണ്ടും മേത്ത ജാമ്യാപേക്ഷ സമര്‍പ്പിക്കണം. ഇതിന് നാലാഴ്ചയാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ ക്രൈബ്രാഞ്ചിന് പ്രതിയെ തൊടാനാവില്ല.

അതേസമയം, അന്വേഷണസംഘത്തിന്റെ വിശദീകരണം കേള്‍ക്കാതെ അനുവദിച്ച ജാമ്യം റദ്ദാക്കി കിട്ടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിനായി മദ്രാസ് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ എന്നിവര്‍ക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കത്തയച്ചു. കേസ് രേഖകളും ഫ്ളാറ്റുകള്‍ക്ക് മേല്‍ നടപടി നിര്‍ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവും ഉള്ളടക്കം ചെയ്തിട്ടുണ്ട്.