Sunday, April 28, 2024
HomeKeralaവീണാ ജോര്‍ജ് എംഎല്‍എയ്ക്കും പീലിപ്പോസ് തോമസിനും സിപിഎം അംഗത്വം നല്‍കി

വീണാ ജോര്‍ജ് എംഎല്‍എയ്ക്കും പീലിപ്പോസ് തോമസിനും സിപിഎം അംഗത്വം നല്‍കി

ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി ആറന്മുളയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വീണാ ജോര്‍ജ് എംഎല്‍എയ്ക്കും, കോൺഗ്രസിൽ നിന്നും രാജിവച്ച് ഇടതു മുന്നണിയുടെ പിന്തുണയോടെ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ലോകസ്ഭയിലേക്ക് മത്സരിച്ച പീലിപ്പോസ് തോമസിനും സിപിഎം അംഗത്വം നല്‍കി. ഇരുവരും പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവന്‍ ബ്രാഞ്ചിലായിരിക്കും പ്രവര്‍ത്തിക്കുക. സിപിഎമ്മുമായി ചേർന്നാണ് ഇരുവരുടേയും പ്രവർത്തനമെങ്കിലും പാര്‍ട്ടി അംഗത്വം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഒളിഞ്ഞും തെളിഞ്ഞും പാർട്ടിയ്ക്കുള്ളിൽ നിന്നും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾ ഭാവിയിൽ ഒഴിവാക്കാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപായി ജില്ലയിലെ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനും മുന്നോടിയായാണ് ഇരുവര്‍ക്കും പാർട്ടി അംഗത്വം നൽകിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സിറ്റിങ് എംഎൽഎയായിരുന്ന ശിവദാസൻ നായരെ അട്ടിമറിച്ചാണ് ആറന്മുള മണ്ഡലത്തിൽ നിന്നും വീണാ ജോർജ് ജയിച്ചു കയറിയത്. ദൃശ്യമാധ്യമരംഗത്ത് കഴിവുതെളിയിച്ച ശേഷമായിരുന്നു വീണാ ജോർജ് സജീവ രാഷ്ടട്രീയത്തിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ആയിരുന്ന അഡ്വ. പീലിപ്പോസ് തോമസ് കോൺഗ്രസിൽ നിന്നു രാജിവച്ചത്. ആന്‍റോ ആന്‍റണിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇടതു സ്വതന്ത്രനായി മത്സരിച്ച പീലിപ്പോസ് തോമസിനു വിജയം നേടാനായില്ലെങ്കിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. പീലിപ്പോസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഏറെ ഗുണം ചെയ്തതായും സിപിഎം നേതൃത്വം വിലയിരുത്തിയിരുന്നു. നിലവിൽ കെഎസ്എഫ്ഇ ചെയർമാനാണ് പീലിപ്പോസ് തോമസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments