മൂന്നാറില്‍ സമരം നടത്തുന്നത് പൊമ്പിളൈ ഒരുമൈ അല്ലെന്നു പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്നത് സ്റ്റാര്‍ ആകാനുള്ള ശ്രമമാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഗോമതിയുടെ സ്വന്തക്കാരാണ്. തൊഴിലാളികളെല്ലാം ഗോമതിക്കെതിരാണ്. ഈ നാടകം ഗോമതി ആര്‍ക്കു വേണ്ടിയാണ് നടത്തുന്നതെന്നു അറിയില്ലെന്നും ലിസി പറഞ്ഞു. ഗോമതിക്കൊപ്പം തൊഴിലാളികൾ ആരുമില്ല . ഒപ്പമുള്ളത് അവരുടെ കൂട്ടുകാര്‍ മാത്രമാണെന്നും അവർ പറഞ്ഞു. ഗോമതിയെ പൊമ്പിളൈ ഒരുമൈയിലേക്കു സ്വീകരിച്ചിട്ടില്ല. ഗോമതി നടത്തുന്ന സമരത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ലിസി സണ്ണി പറഞ്ഞു.
എം.എം മണിയുടെ അശ്ലീലച്ചുവയുള്ള പരാമർശങ്ങളെ ശക്തമായി എതിര്‍ക്കുന്നു. മണി പറഞ്ഞത് തെറ്റു തന്നെയാണ്. ഗോമതിയുടെ തന്ത്രമാണ് ഇപ്പോഴത്തെ സമരം. അവരെ സംഘടനയില്‍ നിന്നു പുറത്താക്കിയ ശേഷം അവര്‍ക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് ഇതിലൂടെ സ്റ്റാര്‍ ആകാനാണ് അവരുടെ ശ്രമം. ആളുകളെ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുപോകാനാണ് ഗോമതിയുടെ ശ്രമമെന്നും ലിസി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും പൊമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് ലിസി സണ്ണി തന്നെയാണ്. തന്നെ പുറത്താക്കാന്‍ ഗോമതി ആരാണ്. ഗോമതിയെ ആരാണ് സംഘടനയില്‍ എടുത്തതെന്നും ലിസി ചോദിച്ചു.