കോളർ ഐഡിയൊക്കെ കോമഡിയല്ലേ ചേട്ടാ!

phone with caller id

ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും

പരിചയമുള്ള നമ്പറുകളിൽ നിന്നു കോളുകൾ വരുകയും എടുക്കുമ്പോൾ അത്ര പരിചിതമല്ലാത്ത ആളുകൾ സംസാരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ? തിരികെ വിളിക്കുമ്പോൾ അതിന്റെ ഉടമ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ പ്രതികരിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ കോളർ ഐഡി സ്പൂഫിങ് എന്ന തട്ടിപ്പിനിരയായി എന്നർഥം. മറ്റൊരാളുടെ നമ്പർ മറവായി ഉപയോഗിച്ചു ഫോൺ വിളിക്കുന്ന പരിപാടിയാണു സ്പൂഫിങ്. ഫെബ്രുവരി ആദ്യ ആഴ്ച കശ്മീരിലെ ഒരു സൈനികന് ഉന്നത ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തുന്ന തരത്തിൽ പരിചയമുള്ള നമ്പറിൽ നിന്ന് ഒരു കോളെത്തുന്നു. സംശയം തോന്നി കൂടെയുള്ളവരോടു പറഞ്ഞപ്പോൾ അവർക്കും സമാന അനുഭവം. അന്വേഷണം എത്തിയത് ഉത്തർപ്രദേശിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ചിൽ.

തട്ടിപ്പു നടത്താൻ എസ്എം എസ് ‘തെളിവുകൾ ‘

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ തെളിവായി പലപ്പോഴും എസ്എംഎസുകൾ പൊലീസ് പരിഗണിക്കാറുണ്ട്. എന്നാൽ, ഫോണിലെത്തിയ എസ്എംഎസുകളിൽ പോലും മാറ്റം വരുത്താൻ കഴിയുമെന്നു തെളിയിച്ചതു ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു പ്രമോദ് മഹാജന്റെ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ സെഷൻസ് കോടതിയിൽ 2007ൽ നടന്ന വിചാരണയിലാണ്. കേസിൽ കുറ്റാരോപിതനായ പ്രവീൺ മഹാജൻ സഹോദരനായ പ്രമോദ് മഹാജൻ കൊല്ലപ്പെടുന്നതിന് ഒരാഴ്ചമുൻപ് എസ്എംഎസ് അയച്ചെന്ന പൊലീസ് വാദം പൊളിക്കാനായി ആശ്രയിച്ചത് പി. ഹരികൃഷ്ണൻ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറെ. എസ്എംഎസുകൾ യുഎസ്ബി കേബിൾ ഉപയോഗിച്ചു കംപ്യൂട്ടറിലേക്കു പകർത്തി, പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചു മാറ്റംവരുത്തി തിരികെ ഫോണിലേക്കു മാറ്റാമെന്നു ഹരികൃഷ്ണൻ തെളിയിച്ചു.

ഫോണിലെ ഐഎംഇഐ നമ്പർ ക്ലോണിങ്ങിലൂടെ മാറ്റാം

സിം അല്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടാൽ പോലും ഫോണിലെ ഐഎംഇഐ നമ്പർ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) ഉപയോഗിച്ച് കേസിനു തുമ്പുണ്ടാക്കാമെന്നായിരുന്നു ഇതുവരെയുള്ള അറിവ്. എന്നാൽ, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാഴ്ച മുൻപാണ് ഐഎംഇഐ നമ്പർ ക്ലോണിങ്ങിലൂടെ മാറ്റാൻ ശ്രമിച്ച് രണ്ട് യുവാക്കൾ പിടിയിലായത്.

ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വ‍ർധിക്കുന്നു എന്ന തിരിച്ചറിവാണു സൈബർ ലോകത്ത് ഇടപെടുന്നവർക്കു വേണ്ടത്.


Warning: A non-numeric value encountered in /homepages/14/d661829292/htdocs/clickandbuilds/Citinewslive/wp-content/themes/cititemplate-purchased-newspaper/includes/wp_booster/td_block.php on line 997