ലഡാക്കിൽ പാങ്ഗോങ് തടാകത്തിനു സമീപം റോഡു നിർമിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദോക് ലായിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിയിങ് ഭീഷണിപ്പെടുത്തി. ദോക് ലാ ചൈനയുടെ സ്ഥലമാണ്. അതു സ്വന്തമാണെന്ന ഭൂട്ടാന്റെ വാദത്തിനു കൂട്ടുനിൽക്കുന്ന ഇന്ത്യ, അവിടെ റോഡു നിർമിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അവകാശപ്പെടുന്നു – ചൈന പറഞ്ഞു. പാങ്ഗോങ് മേഖലയിൽ 20 കിലോ മീറ്റർ നീളത്തിലുള്ള റോഡു നിർമിക്കുന്നതിന് ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു. റോഡു നിർമിക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനം സ്വന്തം മുഖത്തടിക്കുന്നതിനു തുല്യമാണെന്ന് ചൈന.
അതിർത്തിയിൽനിന്ന് ഇന്ത്യ ഏകപക്ഷീയമായി സൈന്യത്തെ പിൻവലിക്കണം. ലഡാക്കിൽ ഇന്ത്യ റോഡു നിർമിക്കാനിരിക്കുന്ന സ്ഥലത്തിന്റെ അതിർത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ ഈ നീക്കം ഇവിടുത്തെ സമാധാനശ്രമങ്ങൾക്കു യോജിച്ചതല്ല. ഇന്ത്യ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്നു തെളിയിക്കുന്നതാണു നടപടിയെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്രദിനത്തിന് ലഡാക്കിലെ പാങ്ഗോങ് തടാകക്കരയിൽ ഇന്ത്യ – ചൈനീസ് സേനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇരുസേനകളും പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.