Friday, April 26, 2024
HomeNationalരാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും ജമ്മു കശ്മീർ സന്ദർശിക്കും

രാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും ജമ്മു കശ്മീർ സന്ദർശിക്കും

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും ശനിയാഴ്ച ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് നീക്കിയതിനു ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കൾ അവിടേയ്ക്കു പോകുന്നത്.

ജമ്മുവിലും താഴ്‌വരയിലും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തുടർച്ചയായ 19 ാം ദിവസവും ഇന്റ്‍ർനെറ്റ്, മൊബൈൽ ഫോൺ വിലക്കു തുടരുകയാണ്.രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരുമുണ്ടാകുമെന്നാണ് സൂചന. കൂടാതെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർജെഡി നേതാവ് മനോജ് ഝാ, എൻസിപി നേതാവ് ദിനേഷ് ത്രിവേദി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ നേതാക്കളും അനുഗമിക്കും.

സംഘം കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു വിമാനത്താവളത്തിൽ ത‍‍ടഞ്ഞിരുന്നു. കേന്ദ്ര നീക്കത്തിനു ശേഷം ഒരു രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ സന്ദർശിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല.അതേസമയം, നേതാക്കളുടെ സന്ദർശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ടു തന്നെ സന്ദർശനം ഒഴിവാക്കണമെന്നും ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് അറിയിച്ചു.

ക്രമസമാധാനം നിലനിർത്തേണ്ടതിന്റെയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിർന്ന നേതാക്കൾ മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിൽ അറസ്റ്റു ചെയ്യപ്പെടുകയും തടങ്കലിൽവച്ചിരിക്കുകയും ചെയ്തിരിക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ വ്യാഴാഴ്ച ഡൽഹിയിലെ ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രത്യേക പദവി നീക്കുന്ന കേന്ദ്ര നീക്കത്തോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ജമ്മു കശ്മീരിൽ അറസ്റ്റിലാകുകയോ വീട്ടുതടങ്കലിൽ ആകുകയോ ചെയ്തിട്ടുള്ളത്.ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗെസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുൻമുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്.

കഴിഞ്ഞ 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണെന്നാണ് അനൗദ്യോഗ കണക്ക്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments