Friday, May 3, 2024
HomeNationalഅസാധുവാക്കിയ നോട്ടുകൾ മാറിയെടുത്തവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടുന്നു

അസാധുവാക്കിയ നോട്ടുകൾ മാറിയെടുത്തവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടുന്നു

അസാധുവാക്കിയ നോട്ടുകൾ മാറിയെടുത്തവരെ കണ്ടെത്താനുള്ള ആദായനികുതിവകുപ്പിന്റെ ശ്രമം പരാജയപ്പെടുന്നു . നിഷ്‌ക്രിയ അക്കൗണ്ടുകളിലൂടെ നോട്ടു മാറ്റിയെടുത്തവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്താനാകുന്നില്ലെന്നതാണ് പ്രതിസന്ധി.

ബാങ്കുദ്യോഗസ്ഥരുടെ സഹായത്തോടെ നിഷ്‌ക്രിയ അക്കൗണ്ടുകൾ ഉപയോഗിച്ച് നോട്ടസാധുവാക്കലിന്റെ സമയത്ത് വൻതോതിൽ പണം മാറിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടപാടുകൾ കണ്ടെത്തുന്നതിന് 17 ഇന രേഖാപരിശോധനകളാണ് ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം അക്കൗണ്ടുകളുടെയും ഉടമകളുടെ വിലാസം കണ്ടെത്താനാകുന്നില്ല.

രാജ്യം വിട്ടുപോയവരും കൂട്ടത്തിലുണ്ട്. ഇത്തരം നിഷ്‌ക്രിയ അക്കൗണ്ടുകളിൽ നോട്ടസാധുവാക്കൽ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമായി നോട്ടുകൾ വൻതോതിൽ നിക്ഷേപിക്കപ്പെട്ടതായാണ് വിവരം. ഇവ പിന്നീട് പല അക്കൗണ്ടുകളിലേക്കായി മാറ്റി പിൻവലിച്ചു. കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഈ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുക ഏറെ ദുഷ്കരമാണെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.

ജോലിയാവശ്യത്തിനായി തുടങ്ങുകയും സ്ഥലംമാറ്റം കിട്ടുമ്പോൾ ക്ലോസ് ചെയ്യാതെ മറ്റിടങ്ങളിലേക്കുപോയവരുമായ ആളുകളുടെ പേരിലുള്ളതാണ് ഈ അക്കൗണ്ടുകളിലേറെയും. ഇവ പിന്നീട് ക്ലോസ് ചെയ്യാൻ ബാങ്കധികൃതർ നിർബന്ധിക്കാറില്ല. ഇതാണ് നോട്ടസാധുവാക്കൽ സമയത്ത് പണം മാറിയെടുക്കാൻ ഉപയോഗപ്പെടുത്തിയത്.

പുതിയ സാഹചര്യത്തിൽ ഫൊറൻസിക് ഓഡിറ്റ് നടത്തി ഇടപാടുകൾ കണ്ടെത്തുന്നത് ആദായനികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അനവധി അക്കൗണ്ടുകളുണ്ടെന്നതിനാൽ ഏറെ ദുഷ്കരമായ നടപടിയാകുമിത്. 2016 നവംബർ ഒമ്പതു മുതൽ ഡിസംബർ 31 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments