ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണങ്ങളിലും വംശീയ വിദ്വേഷ അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് സഹായവുമായി ദേശീയ തലത്തില്‍ അതിവേഗ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചത്.
1800313360000 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും അതിന് സാക്ഷികളാകുന്നവര്‍ക്കും ഉപയോഗപ്പെടുത്താം. രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രഫസര്‍മാര്‍ എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും നിയമ സഹായം ഒരുക്കാനും ഹെല്‍പ് ലൈന്‍ സംവിധാനം സഹായകരമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
‘രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ ഒരു ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ ഒരുക്കുന്നത്. അത്തരത്തിലുള്ള ആക്രമണങ്ങളുടെ ഇരകളെ ഞങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കും, കോടതികളില്‍ നിന്ന് നീതി ലഭ്യമാക്കുന്നതിന് അവരെ സഹായിക്കും.
ആള്‍ക്കൂട്ട ആക്രമങ്ങളിലെ ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കും. ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോള്‍ തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തെത്തിക്കുക, കൃത്യമായ തെളിവുകള്‍ ശേഖരിച്ച് രേഖപ്പെടുത്തുക, അവര്‍ക്ക് നിയമസഹായം ലഭ്യമാക്കുക, ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ മുന്നേറ്റം സജ്ജമാക്കാന്‍ മതിയായ രേഖ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ പുറത്തിറക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അക്രമസംഭവങ്ങള്‍ അവസാനിക്കുന്നില്ല.’ യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ സ്ഥാപക നേതാവായ നദീം ഖാന്‍ പറയുന്നു. ഇതൊരു നല്ല ഉദ്യമമാണ്. ക്രിസ്ത്യാനികളും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നുണ്ട്. പല അക്രമസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടണമെന്നും മൈനോറിറ്റി ക്രിസ്ത്യന്‍ ഫോറം സ്ഥാപക നേതാവായ ഫാദര്‍ മൈക്കേല്‍ വില്ലെമി പറഞ്ഞു.
മൗലാനാ മഹ്മൂദ് മദ്‌നി, ഡോ. കഫീല്‍ ഖാന്‍, മാധ്യമപ്രവര്‍ത്തകന്‍ ഊര്‍മിളേഷ്, പ്രഫ. ഘസാലാ ജമീല്‍, പ്രഫ. അപൂര്‍വാനന്ദ്, മാലിക് മൊതസിം ഖാന്‍, പ്രഫ. രതന്‍ ലാല്‍, പ്രശാന്ത് ഠണ്ഡന്‍, അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ഫസൈല്‍ അയ്യൂബി, അനസ് തന്‍വീര്‍, എഹ്‌തെസാം ഹാഷ്മി, ശ്രീജി ഭാവ്‌സാര്‍, രവി നായര്‍ (സൗത്ത് ഏഷ്യ ഹ്യുമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍) തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.