ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 333 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും കൂട്ടാക്കാതെയാണ് കംഗാരുക്കള്‍ക്കു മുന്നില്‍ തലകുനിച്ചത്. മൂന്നാം ദിനം ചായ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 33.5 ഓവറില്‍ കേവലം 107 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 105 റണ്‍സാണ് ഇന്ത്യ നേടിയത്. നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും മോശം സ്കോറാണിത്.
ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റെടുത്ത് ഇന്ത്യയുടെ അന്തകനായ സ്പിന്നര്‍ സ്റ്റീവ് ഒകീഫെ രണ്ടാമിന്നിങ്‌സിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. നതാന്‍ ലിയോണ്‍ നാലു വിക്കറ്റുമായി ഒകീഫെയ്ക്കു മികച്ച പിന്തുണ നല്‍കി. ചേതേശ്വര്‍ പുജാര (31) മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ശേഷിച്ചവരൊന്നും 20 റണ്‍സ് തികച്ചില്ല.
സ്മിത്തിലേറി ഓസീസ് മൂന്നാംദിനം ഓസീസിന്റെ രണ്ടാമിന്നിങ്‌സ് 285 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ 18ാം ടെസ്റ്റ് സെഞ്ച്വറിയാണ് കളി ഓസീസിന്റെ വരുതിയിലാക്കിയത്. സ്മിത്ത് 202 പന്തില്‍ 11 ബൗണ്ടറികളോടെ 109 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 40 റണ്‍സ് തികച്ചില്ല. മാറ്റ് റെന്‍ഷോ, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ 31 റണ്‍സ് വീതം നേടിയപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് 30 റണ്‍സിനു പുറത്തായി.

അശ്വിന്‍ തിളങ്ങി നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചത്. രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റിന് 143 റണ്‍സെന്ന നിലയിലാണ് ഓസീസ് മൂന്നാംദിനം കളി പുനരാരംഭിച്ചത്.
ഓസീസിന് ലീഡ് ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം മാര്‍ച്ച് നാലു മുതല്‍ ബംഗളൂരുവില്‍ നടക്കും.