ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്

dubai heavy rain fall

റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചതായും ഒട്ടേറെ റോഡപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്

അടുത്ത കാലത്ത് ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്. ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വെളിമ്പ്രദേശങ്ങളിലും റോഡുകളിലും മഴ വെള്ളം നിറയുന്ന കാഴ്ച്ചയാണ്. യുഎഇ, സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലും വടക്കൻ എമിറേറ്റുകളിലും കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡുകൾ പലയിടങ്ങളിലും വെള്ളക്കെട്ടിനടിയിലായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചതായും ഒട്ടേറെ റോഡപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. റോഡുകളിൽ നിന്ന് വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനുള്ള കഠിനശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് തുടരുകയാണ്.

ഇ​​​ന്നലെ​​ (​വെള്ളി) പുലർച്ചെ ആരംഭിച്ച മഴ​ കാരണം വിമാന സർവീസുകൾ താളം തെറ്റിയിരിക്കയാണ്. ഇതുവരെ സാധാരണ നിലയിലെത്തിയിട്ടില്ല. ​ ശക്തമായ മഴ മണിക്കൂ​റുകളോളം​ നീണ്ടുനിന്നെങ്കിലും ​ ഇടയ്ക്ക് അൽപം ശമനമുണ്ടായി. എന്നാൽ ഇന്ന്(ശനി) ഉച്ചവരെ മിക്കയിടത്തും നല്ല മഴ ലഭിച്ചു.

കഴിഞ്ഞ രാത്രി പലയിടത്തും കനത്ത തോതിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. മിക്കവർക്കും ഇന്നും അവധിയായതിനാൽ പലരും വീടി​നകത്ത് നിന്ന് പുറത്തു ഇറങ്ങിയില്ല. അതേസമയം ഒട്ടേറെ കുടുംബങ്ങൾ ബീച്ചുകളിലും മറ്റുംപോയി മഴ ആസ്വദിക്കുകയും ചെയ്തു. നാട്ടിലെ കാലവർഷത്തിൻ്റെ പ്രതീതിയാണ്‌ മലയാളികൾക്ക് ഉണ്ടായതു.

മലയാളികൾ പലരും ഏറെ കാലമായി മഴക്കാലത്ത് നാട്ടിലില്ലാത്തതിനാൽ ഇതൊരപൂർവ അവസരമായി കണ്ടു മഴ നനയുകയും ചെയ്തു. ​ മഴയത്ത് വാഹനമോടിക്കുന്നവർ‌ അതീവ ജാഗ്രത പുലർത്തണമെന്ന് ദുബായ് അധികൃതർ അറിയിച്ചു. ഇന്നലെയും ഇന്നും ഒട്ടേറെ പരിപാടികൾ മാറ്റിവച്ചെങ്കിലും ദുബായ് ലോക കപ്പ് കുതിരയോട്ട മത്സരം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.