നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യംചെയ്തു. ആലുവ പരവൂർകവലയിലെ നടൻ ദിലീപിന്‍റെ തറവാട്ട് വീട്ടില്‍വെച്ച് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപിന്‍റെ സഹോദരൻ അനൂപാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ഉച്ചയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യല്‍ ആറു മണിക്കൂർ നീണ്ടു. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റിയും പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ, സിംകാർഡ് എന്നിവയെ കുറിച്ചും അന്വേഷണ സംഘം വിശദ വിവരങ്ങൾ ശേഖരിച്ചെന്നാണ് ലഭിക്കുന്ന വിവരം.
കാവ്യയെ ചോദ്യം ചെയ്തതിന് ശേഷം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ അന്വേഷണ സംഘം പ്രത്യേക യോഗം ചേരുകയാണ്. തനിക്ക് യാതൊന്നും അറിയില്ലെന്ന മൊഴിയാണ് കാവ്യ നേരത്തെ ഫോണിലൂടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപ് റിമാൻഡിലാണ്.
നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൂടാതെ ലക്ഷ്യയിലേക്ക് പൾസർ സുനി കയറി പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദമായ ചോദ്യം ചെയ്യൽ നടന്നത്.