Friday, March 29, 2024
HomeNationalഗുര്‍മീത്റാം റഹിം മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് വിധി; കലാപങ്ങള്‍ പടരുന്നു

ഗുര്‍മീത്റാം റഹിം മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് വിധി; കലാപങ്ങള്‍ പടരുന്നു

ആള്‍ദൈവം ഗുര്‍മീത്റാം റഹീമിനെതിരായ കോടതി വിധിക്ക് പിന്നാലെ ഹരിയാനയിലും പഞ്ചാബിലും പരക്കെ കലാപങ്ങള്‍. ദേര സച്ചാ സൗദ തലവനായ ഗുര്‍മീത്റാം റഹീമിനെതിരെ ഇന്ന് ഉച്ചയോടെയാണ് 15 വര്‍ഷം മുന്‍പുള്ള ഒരു ബലാത്സംഗ കേസില്‍ ഹരിയാനയിലെ പഞ്ച്കുള പ്രത്യേക സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 28 ന് കേസില്‍ ശിക്ഷ വിധിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തന്നെ ബാബയുടെ അനുയായികളായ ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ ചണ്ഡീഗഡിലും പഞ്ച്കുളയിലെ സിബിഐ കോടതിക്ക് മുന്‍പിലും തമ്പടിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തേയും സര്‍ക്കാര്‍ വിന്യസിച്ചിരുന്നു. വിധിയുടെ വിശദാംശങ്ങള്‍ വന്നതിന് തൊട്ട് പിന്നാലെ കോടതിക്ക് മുന്‍പില്‍ അനുയായികള്‍ പൊതുമുതല്‍ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി സ്വകാര്യ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പിന്നീട് ഇത് ഹരിയാനയിലെ മറ്റിടങ്ങളിലേക്കും പഞ്ചാബിലേക്കും വ്യാപിച്ചു. പഞ്ചകുളയിലുള്ള നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ അക്രമകാരികള്‍ കത്തിച്ചു. ടെലിവിഷന്‍ ചാനലുകളുടെ ഓ.ബി വാനുകളും അനുയായികള്‍ തല്ലിതകര്‍ത്തു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക വിമാനത്തിലാണ് ഗുരു ഗുര്‍മിത് റാം റഹീമിനെ അധികാരികള്‍ ജയിലിലേക്കെത്തിച്ചത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 28 ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്കും അക്രമം വ്യാപിച്ചു. ഡല്‍ഹി ആനന്ദ വിഹാറില്‍ അക്രമരകാരികള്‍ ഒരു ട്രെയിന്‍ കത്തിച്ചു. പിന്നീട് ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടായി.

എന്നാല്‍ തലസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രണ വിധേയമായെന്നാണ് പൊലീസിന്റെ അവകാശ വാദം. അക്രമത്തില്‍ വന്‍ തോതില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക്ഗുര്‍മിത് റാം റഹീമിന്റെ സ്വത്ത് വകകള്‍ വിറ്റ് നഷ്ട പരിഹാരം ഈടാക്കണമെന്ന് കോടതി പ്രസ്താവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments