പിറവം സെന്‍റ് മേരീസ് വലിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പള്ളിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ സഭയിലെ 67 പേര്‍ക്ക് വിലക്കേര്‍പ്പെടുത്തി. യാക്കോബായ സഭയിലെ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് മാസത്തേക്കാണ് നിരോധനം. വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പിറവം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. രാവിലെ ഏഴരയോടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പള്ളിയിലെത്തിയത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ഒരുക്കണമെന്നും പള്ളിക്കകത്തുള്ള യാക്കോബായ വിശ്വാസികളെ നീക്കം ചെയ്യണമെന്നും ഓര്‍ത്തഡോക്‌സ് സഭ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
പിരിഞ്ഞ് പോകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ തുടര്‍ന്നതോടെ വിലക്കേര്‍പ്പെടുത്തിയവരില്‍ ആരെങ്കിലും പള്ളിക്കകത്ത് ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. ഇന്ന് ഇത് രണ്ടാം തവണയാണ് പിറവം വലിയ പള്ളിയ്ക്ക് മുന്നില്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സംഘര്‍ഷം അരങ്ങേറുന്നത്.
സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് യാക്കോബാ വിഭാഗം.