യേശുദാസിന് പത്മവിഭൂഷണ്‍; അക്കിത്തത്തിനും ശ്രീജേഷിനും പത്മശ്രീ

പത്മപുരസ്‌കാര പ്രഭയില്‍ മലയാളം തിളങ്ങി. മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. ഇതടക്കം ആറ് മലയാളികള്‍ പത്മപുരസ്‌കാരത്തിന് അര്‍ഹരായി. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞുരാമന്‍ നായര്‍, കവി അക്കിത്തം, ഹോക്കി താരം പി.ആര്‍ ശ്രീജേഷ്, സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍, കളരി ഗുരു മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീലഭിച്ചു.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ എന്നിവര്‍ക്കും പരമോന്നത പത്മ പുരസ്‌കാരമായ പത്മവിഭൂഷന്‍ ലഭിച്ചു.

ഗായകൻ കൈലാഷ് ഖേർ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി, ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക്, പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു, റിയോ ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

എയ്ഡ്‌സ് ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അന്തരിച്ച ഡോ. സുനിതി സോളമന്‍, സുരഭര്‍ കലാകാരന്‍ ഇമ്രാത് ഖാന്‍, നേപ്പാളില്‍ നിന്നുള്ള അനുരാധ കെയ്‌രാള എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ, തങ്കവേലു മാരിയപ്പന്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

വിവിധ മേഖലകളില്‍ നിന്ന് ഇത്തവണ 89 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ നല്‍കിയത്. യേശുദാസ് ഉൾപ്പെടെ ഏഴു പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ പുരസ്കാരം സമ്മാനിക്കുക. ഏഴു പേർക്ക് പത്മഭൂഷൺ പുരസ്കാരവും 75 പേർക്ക് പത്മശ്രീ പുരസ്കാരവും നൽകും.

പത്മവിഭൂഷൺ ജേതാക്കൾ‌

കെ.ജെ. യേശുദാസ്
സദ്ഗുരു ജഗ്ഗി വാസുദേവ്,തമിഴ്നാട്
ശരദ് പവാർ, മഹാരാഷ്ട്ര
മുരളി മനോഹർ ജോഷി, ഉത്തർപ്രദേശ്
പ്രഫ. ഉഡിപ്പി രാമചന്ദ്ര റാവു,കർണാടക
സുന്ദർ ലാൽ പത്വ (മരണാനന്തരം),മധ്യപ്രദേശ്
പി.എ. സാങ്മ (മരണാനന്തരം), മേഘാലയ

പത്മഭൂഷൺ

വിശ്വ മോഹൻ ഭട്ട്, രാജസ്ഥാൻ
പ്രഫ. ദേവി പ്രസാദ് ദ്വിവേദി, ഉത്തർ പ്രദേശ്
തെഹെമെന്റണ്‍ ഉദ്വാദിയ, മഹാരാഷ്ട്ര
രത്ന സുന്ദർ മഹാരാജ്, ഗുജറാത്ത്
സ്വാമി നിരഞ്ജന നന്ദ സരസ്വതി, ബിഹാർ
പ്രിൻസസ് മഹാ ചക്രി സിരിന്ധോൺ, തായ്‌ലൻഡ്
ചോ രാമസ്വാമി (മരണാനന്തരം), തമിഴ്നാട്