സൈനികര്‍ക്ക് പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ വാട്സ്‌ആപ്പ് നമ്പർ

whatsapp soldier

കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി സൈനികര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് പങ്കുവയ്ക്കാന്‍ വാട്സ്‌ആപ്പ് നമ്പറുമായി സൈന്യം. സൈനികരും അര്‍ധസൈനികരും സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ പരിപാടിയുമായി സൈന്യം രംഗത്തെത്തിയത്. പരാതികള്‍ +91 9643300008 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
സമൂഹമാധ്യമങ്ങളിലൂടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പ്രചരിപ്പിക്കുന്ന സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം ഒരുക്കിയത്. സൈനികര്‍ക്കു പരാതിയുണ്ടെങ്കില്‍ അത് മേലധികാരികളുടെ ശ്രദ്ധയില്‍പെടുത്താനും പരിഹാരം തേടാനും വ്യക്തമായ മാര്‍ഗങ്ങളുണ്ട്.
അങ്ങനെ തീരുന്നില്ലെങ്കില്‍ തന്നെ നേരിട്ടു സമീപിക്കാം. അല്ലാതെ സമൂഹമാധ്യമങ്ങളില്‍ അതു ചര്‍ച്ചയാക്കുന്നത് അതിര്‍ത്തി കാക്കുന്ന ധീരജവാന്മാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നായിരുന്നു കരസേനാമേധാവി പറഞ്ഞത്.
പരാതികള്‍ ഉന്നയിക്കാന്‍ സൈനികര്‍ക്ക് നിലവില്‍ പലമാര്‍ഗങ്ങളും നല്‍കുന്നുണ്ട്. ഇതിലൊന്നും തൃപ്തരാവാത്തവര്‍ക്ക് കരസേനാമേധാവിയുടെ ഒാഫിസുമായി നേരിട്ട് ബന്ധപ്പെടാനാണ് പുതിയ വാട്സ്‌ആപ്പ് നമ്ബറെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1.3 മില്യണ്‍ വ്യക്തികളുടെ കരുത്തുള്ള ഇന്ത്യന്‍ സൈന്യത്തിലെ ആളുകളുടെ പരാതി കേള്‍ക്കാന്‍ ഒരു നമ്പർ കൊണ്ട് സാധിക്കില്ല. കൂടാതെ ഈ നമ്പറിലേക്ക് ലോകത്ത് ആര്‍ക്കുവേണമെങ്കിലും സന്ദേശം അയക്കാം. ഇത്തരത്തില്‍ വരുന്ന എത്ര സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്ന്‌ ഒരു വിഭാഗം ചോദിക്കുന്നു.