ഇനി സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് നടന്‍ പൃഥ്വിരാജ്. അത്തരം ചിത്രങ്ങളിൽ അഭിനയിച്ചതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനി തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ സിനിമകളില്‍ ഞാന്‍ ഒരിക്കലും സ്ത്രീകളെ മോശമാക്കാന്‍ അനുവദിക്കുകയില്ല. സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്ക്രീനില്‍ മഹത്വവത്കരിക്കാനും ഞാന്‍ ശ്രമിക്കില്ലെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് അറിയിച്ചു. കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ നടിയെയും പൃഥ്വിരാജ് അഭിനന്ദിച്ചു. അസാധാരണമായ ധൈര്യമാണ് നടിയിൽ കാണുന്നത്. ഇന്നവള്‍ സംസാരിക്കാന്‍ പോവുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും ഭാഷക്കും അപ്പുറം മുഴങ്ങി കേള്‍ക്കും.
ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനാകില്ല അത് നിങ്ങള്‍ക്കു മാത്രമേ സാധിക്കൂ. കോടിക്കണക്കിനു ആളുകള്‍ പറയാന്‍ മടിയ്ക്കുന്ന കാര്യമാണ് ഇന്ന് എന്റെ സുഹൃത്ത് പറയുന്നത്. ആ ശബ്ദങ്ങള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിനുശേഷം പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത്. ഇന്നു പൃഥ്വിരാജിനൊപ്പം നടി മാധ്യമങ്ങളെ കാണുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പോലീസ് നിർദേശത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടക്കാനിരിക്കെയാണ് മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞത്.