രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രൻ
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണ ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് ഗതാഗതമന്ത്രിയും എൻ.സി.പി ദേശീയ നിർവാഹക സമിതി അംഗവുമായ എ.കെ.ശശീന്ദ്രൻ രാജിവച്ചു. പത്തുമാസം മാത്രം പ്രായമായ പിണറായി വിജയൻ സർക്കാരിൽ രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന് നേരത്തെ രാജി വയ്ക്കേണ്ടി വന്നിരുന്നു.
രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതിനാണ് രാജിയെന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടേയും മുന്നണിയുടേയും തല ആരുടേയും മുന്നിൽ കുനിയരുത്. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. ഏത് ഏജൻസിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാം. ആരോപണം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി പറയാൻ വിളിച്ച സ്ത്രീയോട് ലൈംഗികച്ചുവയോടെ മന്ത്രി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടത്. ആരോപണത്തിലെ ശരിതെറ്റുകൾ കണ്ടെത്തണം.ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട്. ശബ്ദരേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചു. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. നിരപരാധിത്വം ജനങ്ങളെ അറിയിക്കും. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്നും വസ്തുതകളെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ശശീന്ദ്രൻ രാജി വയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തു തുടർന്നു കൊണ്ട് അന്വേഷണം നേരിടുന്നത് ശരിയല്ല. അതിനാലാണ് രാജിവച്ചതെന്ന് ശശീന്ദ്രൻ പറഞ്ഞു.
നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുന്പ് 2011ലും ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2006ൽ ബാലുശേരിയിൽ നിന്നും 1982ൽ എടക്കാട്ടുനിന്നും 1980ൽ പെരിങ്ങളത്തു നിന്നും ശശീന്ദ്രൻ നിയമസഭയിലെത്തിയിട്ടുണ്ട്.