നരേന്ദ്രമോദിയെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരേ കേന്ദ്രസര്‍ക്കാര്‍

മോദി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരേ കേന്ദ്രസര്‍ക്കാര്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ ഇത്തരം നടപടികള്‍ ചോദ്യംചെയ്യപ്പെടേണ്ടവയാണെന്നു വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. മോദിയുടെ ഹിന്ദുതീവ്രവാദികളോടുള്ള ആപല്‍കരമായ താല്‍പര്യം എന്ന പേരിലുള്ള ഈ മാസം 23ലെ എഡിറ്റോറിയലാണ് വിവാദമായത്. 2014ല്‍ അധികാരത്തിലെത്തിയതുമുതല്‍ മോദി വികസനവും സാമ്പത്തിക വളര്‍ച്ചയും മതേതരത്വവും പറയുന്നതിനിടെ തന്നെ പാര്‍ട്ടിയിലെ കടുത്ത ഹിന്ദുത്വവാദി അടിത്തറയെ പ്രീണിപ്പിക്കാനുള്ള രഹസ്യക്കളി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ആദിത്യനാഥിനെ തീപ്പൊരി ഹിന്ദു പുരോഹിതനെന്ന് വിളിക്കുന്ന എഡിറ്റോറിയല്‍ അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത് മതന്യൂനപക്ഷങ്ങള്‍ക്കു ഞെട്ടിക്കുന്ന താക്കീതാണെന്നും ചൂണ്ടിക്കാട്ടി. എന്നാലിത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്‌ലയുടെ പ്രതികരണം. എല്ലാ എഡിറ്റോറിയലും വിഷയാസ്പദമായിരിക്കും. എന്നാലിത് രാജ്യത്ത് ജനാധിപത്യപരമായി നടന്ന ഒരു തിരഞ്ഞെടുപ്പിനെ സംശയിക്കുന്ന നിലപാടാണ്. അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്- ഗോപാല്‍ ബഗ്‌ല പറഞ്ഞു. ഒരുവശത്ത് മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു മോദി അനുമതി നല്‍കുകയാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. മുസ്‌ലിംകളെ അവമതിച്ചുകൊണ്ടാണ് ആദിത്യനാഥ് തന്റെ രാഷ്ട്രീയ കരിയര്‍ വികസിപ്പിച്ചത്. രാജ്യത്തെ ഹിന്ദുഭൂരിപക്ഷം അട്ടിമറിക്കാന്‍ ലവ്ജിഹാദ് വഴി ഹിന്ദു സ്ത്രീകളെ വശീകരിച്ച് മതംമാറ്റുന്നുവെന്നായിരുന്നു ഒരു പ്രചാരണം. 2015ല്‍ മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു മുസ്‌ലിമിനെ ഹിന്ദുആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിനെ ആദിത്യനാഥ് ന്യായീകരിച്ചു. സൂര്യനമസ്‌കാരം ചെയ്യാന്‍ മടികാട്ടുന്ന മുസ്‌ലിംകള്‍ കടലില്‍ച്ചാടി ചാവണമെന്നും ആദിത്യനാഥ് പറഞ്ഞു- എഡിറ്റോറിയല്‍ പറയുന്നു. താന്‍ എല്ലാവര്‍ക്കും വേണ്ടി ഭരണം നടത്തുമെന്ന് ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ അവകാശപ്പെടുന്ന സാമ്പത്തിക വികസനവും ആദിത്യനാഥിന്റെ നിയമവും പരസ്പരം പൊരുത്തപ്പെട്ടുപോവാത്തതാണെന്ന് മോദി കരുതുന്നില്ല. മോദിയുടെ സ്വപ്‌നഭൂമി മുസ്‌ലിംകള്‍ക്ക് ദുസ്വപ്‌നമായി മാറിയിട്ടുണ്ട്. അതോടൊപ്പം അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു തടസ്സമാവുകയും ചെയ്യും. എഡിറ്റോറിയല്‍ പറയുന്നു.