മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരി ഉടന്‍ അറസ്റ്റിലാകും

ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് മുംബൈ പൊലീസ്. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.

ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പ്രതി രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റുചെയ്യില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ചാല്‍ പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ബിനോയ് ഇപ്പോഴും കേരളത്തില്‍തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത രാഷ്ട്രീയസാമ്ബത്തിക സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും പൂര്‍ണമായും അടയ്ക്കാനാണ് പൊലീസിന്റെ നീക്കം. കേരളത്തിലെ നാലിടത്തുള്‍പ്പടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയി കോടിയേരിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈമാറി കഴിഞ്ഞു.164 വകുപ്പ് പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വനിതാ മജിസ്ട്രറ്റിനു മുമ്ബില്‍ അടുത്ത ആഴ്ച തുടക്കത്തില്‍തന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ബിനോയിയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായതിനുശേഷം പുറത്തു വന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് സൂചന.