കള്ളപ്പണ വേട്ടയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ സാധാരണക്കാർക്കിടയിൽ സൃഷ്ടിച്ച ‘ക്ഷീണം’ മാറിവരുന്നതിനിടെ വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി അഭ്യൂഹം. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു. അച്ചടി പൂര്‍ത്തിയാക്കിയ പുതിയ 200 രൂപ നോട്ടുകള്‍ ഓഗസ്റ്റ് മുതല്‍ പുറത്തിറങ്ങും. ഇതിന്‍റെ ഭാഗമായാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതെന്നാണ് സൂചനകൾ. ജൂണ്‍ മാസത്തിലാണ് 200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. ഏപ്രിലില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് 200 രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നുകൂടി അനുമതി ലഭിച്ചതോടെ നോട്ടിന്‍റെ അച്ചടി ആരംഭിക്കുകയായിരുന്നു. 21 ദിവസമാണ് അച്ചടിയ്ക്ക് വേണ്ടത്. ഇതോടെ ഓഗസ്റ്റ് മാസത്തോടെ പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് നോട്ട് പുറത്തിറങ്ങുന്നത്. 2016 നവംബറില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയത്. മൂല്യമേറിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ച് 200 രൂപ നോട്ടുകള്‍ ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുത്താനും നീക്കമുണ്ട്.പുതുതായി പുറത്തിറക്കുന്ന 200 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴിയാവും വിതരണം ചെയ്യുകയെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എടിഎമ്മുകള്‍ വഴി നോട്ടുകള്‍ ലഭ്യമാക്കുമ്പോള്‍ എടിഎം മെഷീനുകള്‍ പുനഃക്രമീകരിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് നോട്ട് വിതരണം ബാങ്കുകള്‍ വഴിയാക്കുന്നത്. നേരത്തെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന 2000, 500 രൂപ നോട്ടുകള്‍ എടിഠഎം വഴി വിതരണം ചെയ്യുന്നതിനായി മെഷീനുകളില്‍ മാറ്റം വരുത്തിയിരുന്നു.ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടായിരം രൂപയുടെ നോട്ടിന് ക്ഷാമം നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. . രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടിന്റെ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്ന് ഇതെന്ന സൂചനകളുമുണ്ട്. 2000 ന്റെ നോട്ടുകളുടെ ലഭ്യതയില്‍ ഇടിവുണ്ടായതായി ബാങ്കുകളും എടിഎം സേവനദാതാക്കളും സാക്ഷ്യപ്പെ ടുത്തിയിരുന്നു. ബാങ്കുകളില്‍ നിന്നും എടിഎം കൗണ്ടറുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് നോട്ടുകളിലും 2000 രൂപ നോട്ടുകളേക്കാള്‍ 500 ന്റെ നോട്ടുകളാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും മൂല്യം കൂടുതലുള്ള നോട്ട് 500 ന്റെ ആണെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നീരജ് വ്യാസും സാക്ഷ്യപ്പെടുത്തുന്നു.കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി 2016 നവംബര്‍ 8 നാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനം പ്രധാനമന്ത്രി മോദി നടത്തിയത്. 2000 രൂപ നോട്ടുകള്‍ ആദ്യം പുറത്തിറക്കിയ റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകളും പുറത്തിറക്കിയിരുന്നു. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ കാരണങ്ങളുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. സുപ്രീം കോടതിയ്ക്കുള്ള പ്രതികരണത്തിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. നിഷ്കളങ്കരായ ജനങ്ങളെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി. അസാധുനോട്ടുകള്‍ മാറ്റി നല്‍കുന്നതിനായി ജനങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും മതിയായ കാരണങ്ങുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്നും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും 14 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്. ചെയാത്ത തെറ്റിന്‍റെ പേരില്‍ വ്യക്തികളുടെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനുള്ള ഒരു വ്യക്തിയ്ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്നാണ് കോടിയുടെ വാദം. പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച കോടതി തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീണ്ടും നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി അഭ്യൂഹം
RELATED ARTICLES