നരേന്ദ്ര മോദിയെ പ്രശംസിച്ചു തരൂർ സംസാരിച്ച വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ എംപി ശശി തരൂരിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനാണ് കത്തയച്ചത്. മോദിയെ പ്രശംസിക്കണമെന്ന് തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പറയുന്ന കാര്യം, അസംബന്ധമാണെന്നും ഇത്തരത്തില്‍ പ്രശംസ തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും ടിഎന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു.
നേരത്തെ മോദി സ്തുതിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപിയും രംഗത്ത് വന്നിരുന്നു. നരേന്ദ്രമോദിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ജോലിയെന്നും, ആര്‍എസ്‌എസ് അജണ്ടയുടെ ഭാഗമായി മോദി നടപ്പാക്കുന്ന നയങ്ങളോട് കോണ്‍ഗ്രസിന് ഒരിക്കലും യോജിക്കാനാകില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
അതുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് മോഡിയെ ശക്തമായി എതിര്‍ക്കുന്നത്. മോദിയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല. മോദിയെ എതിര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ല. മോദിയെ മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.
മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ നേരത്തെ രമേശ് ചെന്നിത്തലയും, കെ മുരളീധരന്‍ എംപിയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ശശി തരൂരിനെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും, മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്വിയും രംഗത്തെത്തിയതാണ് കോണ്‍ഗ്രസില്‍ വാക്‌പോരിനു തുടക്കമിട്ടത്.
മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നതു തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല, വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം അവയെ വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് ഉജ്വല പദ്ധതി എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
പിന്നാലെയാണ് തരൂരിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. നല്ലത് ചെയ്താല്‍ നല്ലത് പറയും. തന്നെ ആരും പഠിപ്പിക്കേണ്ടെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ പറഞ്ഞു.
താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല. തന്നെപ്പോലെ മോദിയെയും ബിജെപിയെയും എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്ബോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണം. മോദിയെ ശക്തമായി വിമര്‍ശിച്ച് പുസ്തകം എഴുതിയ ആളാണ് താനെന്നും ശശി തരൂര്‍ വ്യക്തമാക്കി.എന്തായാലും ശശി തരൂരിന്റെ മോദിപ്രശംസ കോണ്‍ഗ്രസിന് ഉള്ളില്‍ വലിയ കലഹത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.