പിറവം സെന്റ് മേരിസ് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. നാടകീയ രംഗങ്ങളാണ് പിറവം പള്ളി പരിസരത്ത് നടന്നുകൊണ്ടിരിക്കുന്നത്.
പള്ളിക്കുള്ളിലുള്ള യാക്കോബായ വിശ്വാസികളെ അറസ്റ്റു ചെയ്ത് നീക്കി ഒന്നേമുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ പോലീസ് ബലപ്രയോഗത്തിലേയ്ക്ക് നീങ്ങി. ഗേറ്റ് തുറക്കാന്‍ യാക്കോബായ വിശ്വാസികള്‍ തയ്യാറാകാതിരുന്നതോടെ പള്ളിയുടെ പ്രധാന ഗേറ്റ് പോലീസ് ഇരുമ്പു ഗട്ടര്‍ ഉപയോഗിച്ച് അറുത്തു മാറ്റി.
അതേസമയം, പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായസഭ പ്രതിഷേധം രേഖപ്പെടുത്തി. കടുത്ത ബലപ്രയോഗത്തിനു ശേഷമായിരുന്നു പൊലീസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞത്. യാക്കോബായ വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനിടെയാണ് പൊലീസ് ഗേറ്റ് മുറിച്ച് അകത്തു കടന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇതിനിടെ, കളക്ടര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് യാക്കോബായ വിഭാഗത്തെ അറിയിച്ചു.
എന്നാല്‍, പള്ളി വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിശ്വാസികള്‍ വ്യക്തമാക്കിയതോടെ പൊലീസ് എത്തുകയായിരുന്നു. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് യാക്കോബായ വിഭാഗം നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസമായ ഇന്നും തുടരുന്നതിനിടയിലാണ് നാടകീയസംഭവങ്ങള്‍.
ഇന്നലെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗക്കാരെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് യാക്കോബായ വിഭാഗത്തിലെ വൈദിക ട്രസ്റ്റി അടക്കം 67 പേര്‍ക്ക് പള്ളിയില്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.