സി ബി ഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലിക്കേസിന്റെ അന്വേഷണോദ്യോഗസ്ഥന്‍ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കി. എസ് പി (സി ബി ഐ) സതീഷ് ദാഗറാണ് സ്വയം വിരമിക്കലിന് അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള കത്ത് സമര്‍പ്പിച്ചത്.
ഓഗസ്റ്റ് 19നായിരുന്നു കത്ത് സമര്‍പ്പിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സതീഷ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സതീഷിന്റെ അപേക്ഷ സി ബി ഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ലീന്‍ ചിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരബാദ് സ്വദേശിയായ വ്യാപാരിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരായ പരാതി. കേസില്‍ നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി മേയ് 31ന് നിര്‍ദേശം നല്‍കിയിരുന്നു.