‘എട്ടാം പേജ്’ റിലീസ് ചെയ്തു

8th page

പത്രങ്ങളിലെ ചരമപേജിനെ ചുറ്റിപ്പറ്റിയുള്ള ജീവിതം ചര്‍ച്ച ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം ‘എട്ടാം പേജ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. യുവനടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. രാജ്യാന്തര ഡോക്യുമെന്ററി–ഷോര്‍ട്ഫിലിം ചലച്ചിത്രമേളയിലും പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തിലും മികച്ച പ്രതികരണവും പുരസ്ക്കാരങ്ങളും നേടിയ ചിത്രമാണ് എട്ടാം പേജ്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നമ്മളോരോരുത്തരുടെയും വാര്‍ത്ത’വരുന്ന പേജ്, ചരമ പേജ്. ആ പേജിലേക്കുള്ള നോട്ടം ആശങ്ക നിറഞ്ഞതാണ്. ആ പേജ് ജീവിതചര്യയാക്കുന്ന മാധ്യപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷം എത്രമാത്രം വലുതായിരിക്കുമെന്ന ചിന്തയിലേക്ക് ഓരോ വായനക്കാരനെയും കൊണ്ടെത്തിക്കുന്ന ഹ്രസ്വചിത്രമാണ് ‘എട്ടാം പേജ്’.

രാജ്യാന്തര ഡോക്യുമെന്ററി–ഷോര്‍ട്ഫിലിം ചലച്ചിത്രമേളയുടെ ഭാഗമായി കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകശ്രദ്ധനേടിയിരുന്നു. പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തില്‍ എട്ടാം പേജിലെ അഭിനയത്തിന് വിനയ് ഫോര്‍ട്ട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും എട്ടാം പേജ് നേടി.
15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനം തന്‍സീര്‍ ആണ് നിര്‍വഹിച്ചത്. പ്രമുഖ സംവിധായകരായ കമല്‍, അനില്‍ രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് തന്‍സീര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷംസുദ്ദീന്‍ പി കുട്ടോത്ത് ആണ് ചിത്രത്തിന്റെ രചയിതാവ്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ആണ് ഷംസുദ്ദീന്‍. പ്രമുഖ യുവനടന്‍ വിനയ് ഫോര്‍ട്ട്, എം ആര്‍ ഗോപകുമാര്‍, സേതുലക്ഷ്മി, പ്രൊഫ. അലിയാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം യാക്സന്‍ ഗാരി പെരേര. പ്രമുഖ ബോളിവുഡ് സൌണ്ട് ഡിസൈനറായ രംഗനാഥ് രവിയും ചിത്രത്തില്‍ സഹകരിച്ചു. ക്യാമറ: നൌഷാദ് ഷെരീഫ്, രാകേഷ് രാമകൃഷ്ണന്‍. സിനിമാ പാരഡീസോയുടെ ബാനറില്‍ സൂര്യസുധഭാസ്ക്കര്‍ ആണ് നിര്‍മാണം.