മലയാളിയടക്കം രണ്ടു പൈലറ്റുമാരുമായി കാണാതായ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിന്‍റെ തകര്‍ന്ന അവശിഷ്ടങ്ങൾ അസമിലെ ഉള്‍വനത്തില്‍ കണ്ടെത്തി. മൂന്നു ദിവസമായി നടത്തിക്കൊണ്ടിരുന്ന തെരച്ചിലിനൊടുവിലാണ് തേസ്‌പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്‌ടമായ സ്‌ഥലത്തിന്‍റെ അടുത്താണ് അവശിഷ്ടങ്ങൾ കണ്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെക്കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശി അച്യുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍, വിമാനത്തിലുണ്ടായിരുന്നവരുടെ പേരോ പദവിയോ വ്യോമസേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കനത്ത മഴയും പ്രദേശം കൊടുംകാടാണെന്നതും തെരച്ചിലിനു തടസം സൃഷ്‌ടിക്കുന്നുണ്ടെന്ന് തേസ്‌പുര്‍ 4 കോര്‍ വക്‌താവ് ലഫ്. കേണല്‍ സോംബിത് ഘോഷ് പറഞ്ഞു. കരസേനയില്‍നിന്നുള്ള തെരച്ചില്‍ സംഘത്തെ വ്യോമമാര്‍ഗം അപകടസ്‌ഥലത്തിറക്കാനാണു നീക്കം. ചെങ്കുത്തായ മേഖലയാണിത്. തേസ്‌പുരിലെ സലോനിബാരി വ്യോമസേനാ സ്‌റ്റേഷനില്‍നിന്ന് 23 ന് രാവിലെ 10.30 ന് പറന്നുയര്‍ന്ന രണ്ടു സീറ്റുള്ള എസ്.യു-30 എം.കെ.ഐ. വിമാനമാണ് കാണാതായത്.