തട്ടിക്കൊണ്ടുപോകലിനിരയായ നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് താൻ ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഹണീബീ എന്ന സിനിയുടെ ഷൂട്ടിങ്ങിന് ഗോവയിൽ പോയപ്പോൾ പൾസർ സുനിയായിരുന്നു ഡ്രൈവർ. കുറച്ച് പേർ മാത്രമുള്ള സെറ്റായിരുന്നതിനാൽ എല്ലാവരും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതാണ് താൻ ദിലീപിനോടും പറഞ്ഞത്. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത അവര്‍ വലിയ അടുപ്പത്തിലായിരുന്നുവെന്നും സുഹൃത്തുക്കളായിരുന്നുവെന്നും താൻ പറഞ്ഞിട്ടില്ല. ആ അർഥത്തിൽ തന്നെയാണ് ദിലീപും ഇക്കാര്യം പറഞ്ഞിട്ടുണ്ടാവുക എന്ന് തന്നെയാണ് തന്‍റെ വിശ്വാസമെന്നും ലാൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി എനിക്ക് മകളെപ്പോലെയാണ്. അവളുടെ വിഷമം താൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ്. ദിലീപാണെങ്കിൽ എന്‍റെ സഹപ്രവർത്തകനുമാണ്. ദിലീപ് ക്രൂശിക്കപ്പെടുന്നതിൽ വിഷമമുണ്ട് എന്നും ലാൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും കൂട്ടുകാരായിരുന്നുവെന്നാണ് നികേഷ്കുമാർ ഷോയിൽ ദിലീപ് പറഞ്ഞത്. ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നെല്ലാം നടനും സംവിധായകനുമായ ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇതിനെതിരെയാണ് ലാൽ ഇപ്പോൾ രംഗത്ത് വന്നത്.