ബംഗാളില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ധൂപ്ഗുരി ടൗണില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഒരു പിക് അപ് വാനില്‍ ഏഴ് പശുക്കളുമായി സഞ്ചരിക്കുകയായിരുന്നു ഇരുവരും. വഴി തെറ്റിയതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ ഒരേ വഴിയില്‍ പല തവണ സഞ്ചരിച്ച വാഹനത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അതിന് തയാറായില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. എന്നാല്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയ ശേഷമാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മര്‍ദ്ദനമേറ്റ് ഇരുവരും മരിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ പശു കച്ചവടക്കാരാണോ ഗോ മോഷ്ടാക്കളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു
RELATED ARTICLES