പാലാ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അനിശ്ചിതത്വം നീക്കി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് അയച്ചു.
അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ മോഹന്‍ രാജും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. എറണാകുളത്ത് ടിജെ വിനോദ്, വട്ടിയൂര്‍ക്കാവ് കെ മോഹന്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് അയച്ചത്. ഐ ഗ്രൂപ്പ് ഏറ്റെടുത്ത അരൂരിന് പകരം കോന്നി എ ഗ്രൂപ്പിന് നല്‍കി.
മോഹന്‍രാജ് കോന്നിയില്‍ സ്ഥാനാര്‍ഥിയായതോടെ എ യുടെ കൈവശമുള്ള അരൂര്‍ സീറ്റ് െഎ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് ഷാനിമോള്‍ക്ക് നറുക്ക് വീഴാന്‍ കാരണം.
പീതാംബരക്കുറിപ്പിനെതിരെയുള്ള ആരോപണങ്ങള്‍ വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയാകുമെന്ന പേടിയാണ് മുന്‍ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറിനെ പരിഗണിക്കാന്‍ കാരണം.
ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ ആ വിഭാഗത്തില്‍ നിന്നുള്ളയാള്‍ സ്ഥാനാര്‍ഥി ആകണമെന്ന ഡിസിസിയുടെയും എന്‍എസ്‌എസിന്റേയും നിലപാടാണ് ഐ ഗ്രൂപ്പിന്റ മണ്ഡലമായ കോന്നിയില്‍ എ ഗ്രൂപ്പുകാരനായ പി മോഹന്‍രാജിന് നറുക്ക് വീഴാന്‍ കാരണം. നേരത്തെ നിശ്ചയിച്ചിരുന്ന റോബിന്‍ പീറ്ററെ ഒഴിവാക്കിയതില്‍ അടൂര്‍ പ്രകാശിന് കടുത്ത അമര്‍ഷമുണ്ട്.