മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെണ്‍കള്‍ ഒരുമൈ നടത്തിവരുന്ന നിരാഹാര സമരത്തിനിടെ സംഘര്‍ഷം. എ.എ.പി. – പെണ്‍കള്‍ ഒരുമൈ തര്‍ക്കത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്തരയോടെ സമരപ്പന്തല്‍ നീക്കാന്‍ ഒരു വിഭാഗം ശ്രമിച്ചത് സ്‌ഥിതി വഷളാക്കി. സി.പി.എം. പ്രവര്‍ത്തകരാണു സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചതെന്നു പെണ്‍കള്‍ ഒരുമൈ നേതാവ് ഗോമതി ആരോപിച്ചു. പോലീസ് ഇടപെട്ടാണു സംഘര്‍ഷം തടഞ്ഞത്.
പെണ്‍കള്‍ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരാഹാരമിരുന്ന ആം ആദ്‌മി പാര്‍ട്ടി നേതാവ് സി.ആര്‍. നീലകണ്‌ഠനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് സംഘര്‍ഷാവസ്‌ഥ ഉടലെടുത്തത്. നീലകണ്‌ഠനു പകരം ആം ആദ്‌മി പാര്‍ട്ടി നേതാവ് റാണി ആന്റോ നിരാഹാര സമരം നടത്താന്‍ രംഗത്തെത്തിയതോടെ പെണ്‍കള്‍ ഒരുമൈ എതിര്‍പ്പുമായെത്തി.എ.എ.പിക്കെതിരേ പ്രതിഷേധിച്ച് ഗോമതി സമരപ്പന്തലില്‍നിന്ന് ഇറങ്ങിപ്പോയി.പെണ്‍കള്‍ ഒരുമൈ പ്രവര്‍ത്തകര്‍ മാത്രം പന്തലില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഇവര്‍ വാദിച്ചു. ഇതിനിടെയാണു സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം നടന്നത്. സമരത്തെ അനുകൂലിക്കുന്നവര്‍ ഇതിനെതിരേ രംഗത്തെത്തിയതോടെ പ്രദേശത്തു സംഘര്‍ഷാവസ്‌ഥയായി. മണി രാജിവയ്‌ക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് ഗോമതി.