താറാവുകള്‍ നീന്തുന്ന വെള്ളത്തില്‍ കൂടുതല്‍ ഓക്‌സിജനുണ്ടെന്ന വാദവുമായി ബിജെ പി നേതാവ്

താറാവ് നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലുണ്ടാകുമെന്ന കണ്ടുപിടുത്തവുമായി ബിജെപി നേതാവ്. ബി ജെ പി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാറാണ് വിചിത്രമായ വാദവുമായി രംഗത്ത് വന്നിരിക്കുയുന്നത്. താറാവുകള്‍ വെള്ളം ശുദ്ധീകരിക്കുമെന്നും അവ നീന്തുന്ന വെള്ളത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉണ്ടാകുമെന്നും ബിപ്ലവ് പറഞ്ഞു. ഗ്രാമീണ സമ്ബദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തുടനീളം താറാവുകളെ വിതരണം ചെയ്യുമെന്നും ബിപ്ലവ് ദേബ് കുമാര്‍ അറിയിച്ചു. രുദ്രാസാഗറിലെ നീര്‍മഹലില്‍ നിര്‍മിച്ച കൃത്രിമ തടാകത്തില്‍ നടന്ന പരമ്ബരാഗത വള്ളം കളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ബിപ്ലവ് ഇക്കാര്യം വ്യക്തമാക്കിയത്. ഓക്‌സിജന്‍ അളവ് ഉയരുന്നതിലൂടെ ജലം ശുദ്ധീകരിക്കുമെന്നും ഇതിലൂടെ മീനുകള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുമെന്നും അങ്ങനെ സംസ്ഥാനം ജൈവികമായി അഭിവൃദ്ധിപ്പെടുമെന്നുമാണ് ബിപ്ലവ് വ്യക്തമാക്കുന്നത്. എന്നാല്‍ ബിപ്ലവ് കുമാറിന്റെ വാദങ്ങളെ തള്ളി ത്രിപുര ജുക്തിബാദ് വികാസ് മഞ്ച നേതാവ് മിഹിര്‍ ലാല്‍ റോയ് രംഗത്തെത്തി. ബിപ്ലവിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിപ്ലവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയാണ്. ശാസ്ത്രീയ ചിന്തകളുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ത്രിപുര ജുക്തിബാദ് വികാസ് മഞ്ച. ഇടകലര്‍ത്തി മൃഗങ്ങളെ വളര്‍ത്തുന്നത് ഉത്പാദനം വര്‍ദ്ധിപ്പിക്കും. എന്നാല്‍ താറാവ് ഓക്‌സിജന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്ന സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.