ജമ്മുകശ്‌മീരിൽ ഏറ്റുമുട്ടലിൽ സൈനികന്‌ വീരമൃത്യു; 3 ഭീകരരെ വധിച്ചു

terrorism

ജമ്മു കശ്മീരിലെ രംബാൻ ജില്ലയിൽ ഭീകരർ ബന്ദിയാക്കിയയാളെ അഞ്ചുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സംയുക്തസേന മോചിപ്പിച്ചു. ഭീകരരുമായള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് ഭീകരർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.

ശനിയാഴ്‌ച രാവിലെ മുതൽ രണ്ടിടത്താണ്‌ ഏറ്റുമുട്ടലുണ്ടായത്. ഗന്ദര്‍ബലിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രംബാന്‍ ജില്ലയിലെ ബടോടില്‍ ജമ്മു‐ ശ്രീനഗര്‍ ഹൈവേയില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. സംശയം തോന്നിയ ഡ്രൈവറാണ്‌ പൊലീസിനെ വിവരമറിയിച്ചത്‌.

ബടോടിൽ അഞ്ച് പേരടങ്ങുന്ന ഭീകരരുടെ സംഘം വീട്ടിൽ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. രണ്ട് ഭീകരർ ഓടി രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.

ഗന്ദര്‍ബലില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. ശ്രീനഗറില്‍ ജനവാസ മേഖലയിലേക്ക് ഭീകരന്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സിആര്‍പിഎഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കില്ല.