Friday, April 26, 2024
Homeപ്രാദേശികംകായലിലേക്ക് ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു

കായലിലേക്ക് ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു

മട്ടാഞ്ചേരി പഴയ തോപ്പുംപടി പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ച്‌ രക്ഷിച്ചു.

ദക്ഷിണ നാവിക സേനയിലെ നേവല്‍ എയര്‍ സ്ക്വാഡ്രണ്‍ 322 ലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ റിങ്കു, നാവികസേനയിലെ പെറ്റി ഓഫീസറായ പ്രജാപതി എന്നിവരുടെ സമയോചിത ഇടപെടലിലാണ് കായലില്‍ ചാടിയ വ്യക്തിയെ സമയോചിതമായി കരക്കെത്തിക്കാന്‍ സാധിച്ചത്.

പള്ളുരുത്തി സ്വദേശിയായ യുവാവിനെയാണു നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ഡ്യൂട്ടിക്കായി ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് വരികയായിരുന്നു റിങ്കു. ഈ സമയത്താണ് പഴയ തോപ്പുംപടി പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്.

ആരോ ഒരാള്‍ കായലിലേക്ക് ചാടിയെന്നായിരുന്നു ഇവരില്‍ നിന്ന് റിങ്കു മനസിലാക്കിയത്. ഉടന്‍ തന്നെ റിങ്കു കായലിലേക്ക് ചാടി. കായലില്‍ മരണത്തെ മുഖാമുഖം കണ്ടുനില്‍ക്കുകയായിരുന്ന യുവാവിനെ ചേര്‍ത്തു പിടിച്ച റിങ്കു, ഇയാളെ കരയിലേക്ക് നീന്താന്‍ സഹായിച്ചു.

ഈ സമയത്ത് സഹായത്തിനായി രണ്ട് ബോട്ടുകള്‍ക്ക് നേരെ റിങ്കു കൈവീശിയിരുന്നു. ഇത് കണ്ടാണ് പ്രജാപതി ഇവിടേക്ക് എത്തിയത്. റിങ്കുവിനെയും യുവാവിനെയും കണ്ടയുടന്‍, പ്രജാപതിയും കായലിലേക്ക് ചാടി.

ഇരുവരും ചേര്‍ന്നാണ് യുവാവിനെ കരയിലേക്ക് എത്തിച്ചത്. കായലില്‍ നിന്നും 15 അടിയോളം ഉയരെയുള്ള റോഡ് വരെ പ്രജാപതി, യുവാവിനെ ചുമന്ന് കയറ്റി. അപ്പോഴേക്കും അപകട വിവരമറിഞ്ഞ് ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു.

കുടംബവഴക്കിനെത്തുടര്‍ന്നാണു യുവാവ് കായലില്‍ ചാടിയതെന്നാണു പൊലീസ് നല്‍കുന്ന വിവരം. സ്‌കൂട്ടറിലെത്തിയ യുവാവ് വണ്ടി പാലത്തില്‍ നിര്‍ത്തിയ ശേഷമാണു കായലില്‍ ചാടിയത്. ഭാര്യയും മറ്റു കുടുംബാംഗങ്ങളും പുറകെ എത്തുമ്ബോഴേക്കും യുവാവ് കായലില്‍ ചാടിക്കഴിഞ്ഞിരുന്നുവെന്നാണു പൊലീസ് പറയുന്നത്. ഇയാളെ ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം കൂടിനിന്നവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് രണ്ട് ഉദ്യോഗസ്ഥരും ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments