ഇടവേളയില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. 2005-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നത്.
വീട്ടില്‍ തന്നെ തങ്ങണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജീവനക്കാരെ നേരത്തെ പോവാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വൈകിട്ട് ശക്തമായ വേലിയേറ്റമുണ്ടായേക്കും എന്നാണ് വിദഗ്ദ്ധര്‍ ന്ല്‍കുന്ന മുന്നറിയിപ്പ്. 3.5 മീറ്റര്‍ ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാക്കും എന്നും പൊതുജനങ്ങള്‍ കടല്‍ തീരത്തേക്ക് വരാതെ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത പേമാരിയില്‍ നഗരം പൂര്‍ണായും നിശ്ചലമായ അവസ്ഥയിലാണ്. റോഡ്-റെയില്‍-േേവ്യാമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കടല്‍തീരത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ കിലോമീറ്റുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതും റോഡ് ഗതാഗതത്തെ ബാധിച്ചു.
നഗരത്തിന്റെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകളുടെ സഞ്ചാരവും മഴയെതുടര്‍ന്ന് തടസ്സപ്പെട്ടിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മഴയെ തുടര്‍ന്ന് താറുമാറായി.
രാവിലെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരവും ശമനമായില്ലെങ്കില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാക്കുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍.മാലിന്യം അടിഞ്ഞു കൂടിയ നഗരത്തിലെ ഓവുചാലുകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ മാലിന്യം നഗരം മൊത്തം ഒഴുകി തുടങ്ങുമെന്ന് ആശങ്കയും ഉയരുന്നു.
അടിയന്തരസാഹചര്യം നേരിടുവാന്‍ തയ്യാറെടുക്കാന്‍ ദേശീയ ദുരന്തനിവാരണസേനയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളും പ്രതിരോധപ്രവര്‍ത്തങ്ങളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ട് വിലയിരുത്തുകയാണ്.
അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഏതാനും മണിക്കൂര്‍ കൊണ്ട് തന്നെ അഞ്ച് സെ.മീറ്ററോളം മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.ദാദര്‍,മാട്ടുംഗ,ചെമ്പൂര്‍ തുടങ്ങി നഗരത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ഇപ്പോള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. പലയിടത്തും വാഹനങ്ങള്‍ പകുതി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
മുംബൈ പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നിരന്തരം മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. റോഡിലെ വെള്ളം ടയറുകളുടെ ഉയരത്തിലെത്തിയാല്‍ വാഹനം ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് നടന്ന് നീങ്ങണമെന്നാണ് പോലീസ് നിര്‍ദേശം.
മുംബൈയില്‍ താമസിക്കുന്ന പ്രമുഖ വ്യക്തികളും അനന്തമായി നീളുന്ന മഴയെക്കുറിച്ചുള്ള ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
”കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എല്ലാവരും എത്രയും വേഗം സുരക്ഷിതരായി വീട്ടിലെത്താന്‍ ശ്രമിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്ന മുംബൈ പോലീസിനും മറ്റുള്ളവര്‍ക്കും നന്ദി….” മുംബൈക്കാരനായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.