ബലാത്സംഗക്കേസിൽ ദേര സച്ച സൗധ മേധാവി ഗുർമിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചതായി യോഗ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഇത്തരം കേസുകൾ ഉയർന്നുവരുന്നത് അഭിമുഖീകരിക്കാൻ വിഷമമുണ്ടായെന്നത് സത്യമാണ്. ഇന്ദോറിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാംദേവ്. ഒരു ആൾദൈവം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് മുഴുവൻ സന്യാസി വർഗത്തെയും തെറ്റായ രീതിയിൽ കാണാൻ പാടില്ലെന്ന് രാംദേവ് മുന്നറിയിപ്പ് നൽകി.
നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യൻ സന്യാസിമാർ നിർവഹിച്ച നിലപാടുകൾ പിന്തുടരാൻ രാംദേവ് മത-ആത്മീയ നേതാക്കളെ ഉപദേശിച്ചു. സത്യസന്ധതയും വിശുദ്ധിയും പൊതുജന സേവനവും നിറഞ്ഞ ജീവിതം നയിക്കുന്ന, ദശലക്ഷക്കണക്കിന് സന്യാസിമാർ ഇപ്പോഴും രാജ്യത്തുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ ചിഹ്നമാണ് ശ്രീരാമൻ.
രാമന്‍റെ പേരുള്ള ഒരാളിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് ആ വ്യക്തിയുടെ സ്വഭാവത്തിന്‍റേത് മാത്രമാണ്. അതിനെ മുഴുവൻ മതവുമായോ സംസ്കാരവുമായോ ബന്ധപ്പെടുത്തരുത്. മത-ആത്മീയ നേതാക്കൾ നൂറ്റാണ്ടുകൾക്കു മുമ്പേ തങ്ങളുടെ സന്യാസികൾ സ്ഥാപിച്ച പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും രാംദേവ് പറഞ്ഞു.