നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് ചൊവ്വാഴ്ച ജാമ്യം ലഭിക്കുമെന്നായിരുന്നു അയാളുമായി അടുപ്പമുള്ളവര്‍ കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്. ഇതോടെ പെട്ടത് ദിലീപും ബന്ധുക്കളും മാത്രമല്ല, ഒരു 50 കോടി രൂപയുമാണ്. ഇത്രയും പണം നഷ്ടമാകുമെന്ന് മാത്രമല്ല, ദിലീപിന്റെ സിനിമാ ജീവിതത്തിലും കരി നിഴല്‍ വീഴ്ത്തുന്നതാണ് നടി ആക്രമിക്കപ്പെട്ട കേസ്. നാള്‍ക്കുനാള്‍ ദിലീപിനെതിരേ കടുത്ത നിലപാടാണ് അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുന്നത്. ഇത് നടന്റെ ഭാവിയും ഒപ്പം മലയാള സിനിമാ മേഖലയും തകര്‍ക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ദിലീപിന് അവസരം ഉണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 50 കോടി രൂപയുടെ ബിസിനസാണ് ചിത്രീകരണം തുടങ്ങി പാതിവഴിയില്‍ കിടക്കുന്ന ദിലീപ് ചിത്രങ്ങള്‍ക്കുള്ളത്.
സാറ്റലൈറ്റ് മൂല്യം കൂടി കണക്കാക്കിയാല്‍ 50 കോടിയില്‍ നില്‍ക്കില്ല. ദിലീപ് ജയിലില്‍ കഴിയുന്നത് തുടരുന്നതോടെ അദ്ദേഹം നായകനായ മൂന്ന് ചിത്രങ്ങളുടെ ഭാവിയാണ് തുലാസില്‍.
ജൂലൈ ഏഴിന് റിലീസ് പ്രഖ്യാപിച്ച ദിലീപ് ചിത്രമാണ് രാമലീല. ദിലീപ് കുടുങ്ങിയതോടെ ഈ ചിത്രത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. ജൂലൈ 21ലേക്ക് റിലീസ് പിന്നീട് മാറ്റിയെങ്കിലും ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
14 കോടി രൂപ മുടക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം അരുണ്‍ ഗോപിയെന്ന സംവിധായകന്റെ ആദ്യ ചിത്രമാണ്. ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഓണത്തിന് റിലീസ് കരുതിയിരുന്നില്ലെന്നും ടോമിച്ചന്‍ പറയുന്നു.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ ഷൂട്ടിങ് നേരത്തെ തുടങ്ങിയതാണ്. ദിലീപ് അറസ്റ്റിലായതോടെ ഷൂട്ടിങ് നിലച്ചു. ദിലീപിന് ജാമ്യം ലഭിച്ചാല്‍ വേഗം പൂര്‍ത്തിയാക്കാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.
കമ്മാര സംഭവത്തിന്റെ ഷൂട്ടിങ് തേനിയില്‍ നടക്കുന്നതിനിടെയാണ് ദിലീപ് അന്വേഷണവുമായി സഹകരിച്ചിരുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിങ് രണ്ടാംഘട്ടം തുടങ്ങാന്‍ ഇരിക്കവെ ആയിരുന്നു അറസ്റ്റും പുലിവാലും.
രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമാണ് കമ്മാര സംഭവം. ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരഭമാണ് പ്രഫ. ഡിങ്കന്‍ എന്ന ദിലീപ് ചിത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതിന്റെ പൂജയില്‍ പങ്കെടുത്തിരുന്നു.
ഇത്തവണ ഓണത്തിന് ദിലീപ് ചിത്രങ്ങളില്ല എന്ന പ്രത്യേകതയുമുണ്ട്. ഓണം ലക്ഷ്യമിട്ടാണ് കമ്മാര സംഭവം ഒരുക്കിയിരുന്നത്. മലയാള സിനിമാ മേഖലയില്‍ വിപണി മൂല്യത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ദിലീപ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും തൊട്ടുപിന്നിലുള്ള ദിലീപിന്റെ സിനിമാ ജീവിതം ഇരുളടയുന്ന കാഴ്ചയാണിപ്പോള്‍. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനി ദിലീപ് എന്ന് ഇറങ്ങുമെന്ന് പറയാന്‍ സാധിക്കില്ല.
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ തടവുകാരനായി ചിലപ്പോള്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും. അതോടെ ദിലീപിനെ കണ്ട് മുതല്‍ മുടക്കിയ സിനിമാ നിര്‍മാതാക്കളുടെ കാര്യവും കഷ്ടമാകും.
ദിലീപിന്റെ പേരിൽ 50 കോടി രൂപ വെള്ളത്തിലായി
RELATED ARTICLES