ലക്ഷ്മി നായര്‍ ലോ അക്കാടമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന് അകാദമി ഡയറക്ടര്‍ ബോര്‍ഡ്. രാജി ഒഴികെയുള്ള മറ്റു കാര്യങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതോടെ ലോ അക്കാടമി വിഷയം രമ്യമായി പരിഹരിക്കാനുള്ള സിപിഎം ശ്രമം പാളി.
അകാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചാണ് സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയത്. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ട്രസ്റ്റ് അംഗം നാഗരാജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവരും ഉണ്ടായിരുന്നുവെന്നാണ് വിവരം.
45 മിനുറ്റ് നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാര്‍ട്ടി എടുക്കുന്ന തീരുമാനം അനുസരിക്കുമെന്നാണ് പ്രതികരിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ സംസാരിക്കാന്‍ തയ്യാറായില്ല. ശേഷം ബന്ധപ്പെട്ട മാധ്യമങ്ങളോടാണ് ബോര്‍ഡ് നിലപാട് അവര്‍ വ്യക്തമാക്കിയത്. ലക്ഷ്മി നായര്‍ രാജിവെയ്‌ക്കേണ്ടെന്ന മുന്‍ നിലപാട് ചര്‍ച്ചയ്ക്ക് ശേഷവും അവര്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച ഫലം കണ്ടില്ലെന്ന് വേണം കരുതാന്‍.
രാജി ആവശ്യപ്പെടാന്‍ ബോര്‍ഡിന് കഴിയില്ല. അക്കാര്യം ലക്ഷ്മി നായര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. വിദ്യാര്‍ഥികള്‍ വാശിപിടിക്കുകയാണ്. സമരം ചിലര്‍ ഹൈജാക്ക് ചെയ്യുകയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി. ലോ അകാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരത്തിലാണ്.
ചര്‍ച്ച പൊളിഞ്ഞ സാഹചര്യത്തില്‍ സമരം തുടരുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു. നാളെ ലോ അകാദമി ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം യോഗ ശേഷം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്മി നായരെ നീക്കിയുള്ള നടപടിക്ക് ബോര്‍ഡ് തയ്യാറാവില്ലെന്നാണ് വിവരം.
സ്വകാര്യ സ്ഥാപനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സപ്പലിനെ മാറ്റാന്‍ പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് ലക്ഷ്മി നായരുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്താല്‍ കോടതിയില്‍ പോവാനും മാനേജ്‌മെന്റിന് ആലോചനയുണ്ട്.
അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം നേരിട്ട് ഇടപെട്ടതും സംസ്ഥാന സെക്രട്ടറി സമരപന്തല്‍ സന്ദര്‍ശിച്ചതും. ഇപ്പോള്‍ സിപിഎം എന്ത് നിലപാടെടുക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.