Saturday, April 27, 2024
HomeKeralaനമ്പി നാരായണനെതിരെ രൂക്ഷവിമര്‍ശനം; സെന്‍കുമാറിനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

നമ്പി നാരായണനെതിരെ രൂക്ഷവിമര്‍ശനം; സെന്‍കുമാറിനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

പത്മ പുരസ്‌ക്കാരം ലഭിച്ച ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലാണ് നിയമോപദേശം തേടിയത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. പത്മ പുരസ്‌ക്കാര ജേതാവായ ഒരാളെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നുമാണ് ടി.പി സെന്‍കുമാര്‍ പറഞ്ഞത്. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാര്‍ശ ചെയ്‌തത്. അവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. നമ്ബി നാരായണന് പത്മപുരസ്‌കാരം നല്‍കിയവര്‍ ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും മറിയം റഷീദക്കും പുരസ്‌കാരം നല്‍കുമോയെന്നും സെന്‍ കുമാര്‍ ചോദിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നടന്ന കാര്യങ്ങള്‍ സുപ്രീകോടതി നിയോഗിച്ച സമിതി പരിശോധിച്ചു കൊണ്ടിരിക്കെ എങ്ങനെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും, അമൃതില്‍ വിഷം വീണ പോലെയാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, തന്നെക്കുറിച്ച്‌ സെന്‍കുമാര്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്നും ആരുടെ ഏജന്റായാണ് സെന്‍കുമാര്‍ സംസാരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു നമ്പി നാരായണന്‍ ഇതിനോട് പ്രതികരിച്ചത്. സെന്‍കുമാര്‍‌ പറയുന്നതുപോലെ ചാരക്കേസ് വീണ്ടും അന്വേഷിക്കുകയല്ല സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചെയ്യുന്നത്. ചാരക്കേസില്‍ തന്നെ കുടുക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്തെന്നാണ് സമിതി പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments