വിഷമില്ലാത്ത നല്ല മീന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന സ്ഥിതി ഉണ്ടാകണം: മുഖ്യമന്ത്രി

മത്സ്യത്തിൽ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു തടയാന്‍ മാനദണ്ഡവും പരിശോധനയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിഷമില്ലാത്ത നല്ല മീന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന സ്ഥിതി ഉണ്ടാകണം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) സ്ഥാപകദിനത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വള്ളങ്ങളും ബോട്ടുകളുമായി ബന്ധപ്പെട്ട് സാങ്കേതികരംഗത്ത് ഗുണപരമായ മാറ്റത്തിന് പഠനം നടത്തണം. അതില്‍ സിഫ്റ്റ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. സുലഭമായ തെങ്ങും റബറും ഉപയോഗിച്ച് വള്ളവും ബോട്ടും നിര്‍മിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ചെലവു കുറയുന്നത് മത്സ്യത്തൊഴിലാളിക്കും മത്സ്യമേഖലയ്ക്കും നല്ലതാണ്. മത്സ്യം പിടിക്കുന്നതുമുതല്‍ അവസാന വില്‍പ്പനവരെ ഇടത്തട്ടുവഴിയുള്ള വന്‍ നഷ്ടം ഒഴിവാക്കുന്നതിന് പ്രധാനമായും വേണ്ട ശീതീകരണസംവിധാനം ഇന്ന് ആവശ്യത്തിനില്ല. അത് പരിഹരിക്കുന്ന കാര്യം ഗവണ്‍മെന്റ് ഗൌരവമായി ചിന്തിക്കുന്നുണ്ട്. ശുചിത്വത്തിനും വൃത്തിക്കും പ്രാമുഖ്യമുള്ള ഹരിതകേരളംപോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മത്സ്യവിപണന സ്ഥലങ്ങള്‍ ഉദ്ദേശിച്ച രീതിയിലല്ലെങ്കില്‍ അത് മുഴച്ചുനില്‍ക്കും.

മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ചടങ്ങില്‍ അധ്യക്ഷയായി. മന്ത്രി വി എസ് സുനില്‍കുമാര്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി മഹാപത്ര, എംഎല്‍എമാരായ കെ ജെ മാക്സി, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജയിന്‍, സബ് കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി എന്‍ രവിശങ്കര്‍ സ്വാഗതവും ഡോ. സുശീല മാത്യു നന്ദിയും പറഞ്ഞു. ചടങ്ങില്‍ സിഫ്റ്റിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനംചെയ്തു. വജ്രജൂബിലി പ്രദര്‍ശനവും സന്ദര്‍ശിച്ചു.