ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വരും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാത്രി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയിലേക്ക് രാജ്യം നീങ്ങിയതായി പ്രഖ്യാപിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അര്‍ധരാത്രിസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷപാര്‍ടികള്‍ പറഞ്ഞു. സമ്മേളനം ബഹിഷ്കരിക്കാന്‍ പാര്‍ടി തീരുമാനമില്ലെന്നും എന്നാല്‍, പങ്കെടുക്കണമെന്ന് അറിയിച്ച് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടില്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പശ്ചാത്തലസൌകര്യം ഒരുക്കാതെ തിരക്കിട്ടാണ് ജിഎസ്ടിയിലേക്ക് നീങ്ങുന്നതെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൌഡ, മന്‍മോഹന്‍സിങ് എന്നിവര്‍ ജിഎസ്ടി പ്രഖ്യാപനച്ചടങ്ങിന്റെ വേദിയിലുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്. കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്ന സാഹചര്യത്തില്‍ മന്‍മോഹന്‍സിങ് ചടങ്ങിനുണ്ടാകില്ല. ജെഡിഎസ് പ്രതിപക്ഷകൂട്ടായ്മയുടെ ഭാഗമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ദേവഗൌഡ എത്തുമോയെന്നും വ്യക്തമല്ല. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ജിഎസ്ടി പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുന്നതിനെതിരായി പല കോണുകളിലും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മാത്രമാകും രാത്രി 11ന് സെന്‍ട്രല്‍ ഹാളില്‍ ആരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുക. പന്ത്രണ്ടരവരെ നീളുന്ന ചടങ്ങില്‍ രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. പകല്‍ ആറിന് ജിഎസ്ടി കൌണ്‍സില്‍ യോഗം ചേരും.
വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കോണ്‍ഗ്രസ് ബഹിഷ്കരണപ്രഖ്യാപനം നടത്തിയത്. ബഹിഷ്കരണ തീരുമാനം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രണ്ടു കാരണമാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന്, ഇന്ത്യയുടെ സ്വാതന്ത്യ്ര ആഘോഷത്തിന്റെ ഭാഗമായി 1947 ആഗസ്ത് 14ന് രാത്രിയാണ് സെന്‍ട്രല്‍ ഹാളില്‍ ആദ്യ അര്‍ധരാത്രിസമ്മേളനം ചേര്‍ന്നത്. തുടര്‍ന്ന് മൂന്ന് അര്‍ധരാത്രിസമ്മേളനം ചേര്‍ന്നു. സ്വാതന്ത്യ്രത്തിന്റെ 25, 50 വാര്‍ഷികങ്ങളിലും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അൻപതാം വാർഷികത്തിലും. സ്വാതന്ത്യ്രസമരത്തില്‍ പങ്കില്ലാത്തതുകൊണ്ട് 1947ലെ സമ്മേളനത്തില്‍ ബിജെപിക്ക് പ്രാധാന്യമുണ്ടായില്ല. നികുതിപരിഷ്കാരത്തിന് അര്‍ധരാത്രിസമ്മേളനത്തിന്റെ ആവശ്യമില്ല. രണ്ട്, കര്‍ഷകരും ന്യൂനപക്ഷങ്ങളും ദളിതരും കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു- ഗുലാംനബി പറഞ്ഞു. പ്രതിപക്ഷപാര്‍ടികള്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ജിഎസ്ടിയുടെ പേരില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ മോഡിസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളും സംരംഭകരും ആശങ്കയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളും സംരംഭകരും കടകളടച്ചും മറ്റും പ്രതിഷേധിച്ചു. നികുതിപരിഷ്കരണത്തില്‍ നിര്‍ണായകമായ ജിഎസ്ടി ശൃംഖലാസംവിധാനവും ഇ-വേ സംവിധാനവുമൊന്നും പൂര്‍ണമായിട്ടില്ല. കറന്‍സി പിന്‍വലിക്കല്‍ വലിയ ആഘാതം സൃഷ്ടിച്ച അസംഘടിതമേഖലയ്ക്ക് ജിഎസ്ടി മറ്റൊരു പ്രഹരമാകുമെന്നാണ് പല സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെടുന്നത്. വലിയ തോതിലുള്ള തൊഴില്‍നഷ്ടവും പ്രതീക്ഷിക്കപ്പെടുന്നു.