കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വച്ഛ് ഭാരത് അഭിയാന്‍ യജ്ഞത്തിന് വലിയ പ്രചാരണം നല്‍കുന്നതിനിടെയുണ്ടായ സംഭവം കേന്ദ്രസര്‍ക്കാരിന് നാണക്കേടായി. കൃഷിമന്ത്രി രാധാമോഹന്‍സിങ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം ആര്‍ജെഡിയാണ് പുറത്തുവിട്ടത്.
‘സ്വച്ഛ് ഭാരത് അഭിയാന് ഉണര്‍വ് നല്‍കി കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് വരള്‍ച്ചബാധിത പ്രദേശത്ത് ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തെന്ന’ അടിക്കുറിപ്പോടെയാണ് ആര്‍ജെഡി ചിത്രം പങ്കുവച്ചത്. ബിഹാറിലെ സ്വന്തം മണ്ഡലമായ മോത്തിഹാരിയില്‍ ജലസേചനപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിയുടെ വിചിത്ര നടപടി. വലിയ കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ ബാബാ രാംദേവിന്റെ യോഗത്തില്‍ പങ്കെടുത്ത മന്ത്രിയുടെ നടപടി മുമ്പ് വിവാദമായിരുന്നു.