Friday, May 3, 2024
HomeKeralaശിവഗിരി മഞ്ഞയിൽ മുങ്ങി; തീർത്ഥാടനത്തിന് തിരി തെളിഞ്ഞു

ശിവഗിരി മഞ്ഞയിൽ മുങ്ങി; തീർത്ഥാടനത്തിന് തിരി തെളിഞ്ഞു

എണ്‍പത്താറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. ഗവർണർ ജസ്റ്റിസ് പി സദാശിവം തീർത്ഥാടനത്തിന് തുടക്കം കുറിച്ചു കൊണ്ട് തിരി തെളിച്ചു. നവോത്ഥാനത്തിന്റെ പിതാവാണ് ശ്രീ നാരായണ ഗുരുവെന്ന് ഗവർണർ പറഞ്ഞു.അറിവ്,ആരോഗ്യം, ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുന്‍നിര്‍ത്തി ഇന്നാരംഭിച്ച തീര്‍ത്ഥാടനപരിപാടികള്‍ ജനുവരി ഒന്നിന് സമാപിക്കും. പദയാത്രയായി വിവിധ സ്ഥലങ്ങളിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടകർ എത്തിച്ചേരുകയാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. ജാതിയുടേയും മതത്തിന്റെയും അടക്കം എല്ലാ മതിലുകളും തകർക്കപ്പെടാനുള്ളതാണെന്ന ഗുരുവിന്റെ ആശയത്തിന് പ്രാധാന്യം ഏറിയിരിക്കുകയാണെന്ന് ആശംസാ പ്രസംഗത്തില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗുരുദേവൻ എതിർത്തത് അന്ധമായ വിശ്വാസത്തെയാണെന്നും, സമൂഹത്തിന് ഉപദ്രവമില്ലാത്ത വിശ്വാസത്തെ തുടരാൻ ഭരണഘടന പറയുന്നുണ്ടെന്നും ശബരിമല വിധിയുടെ പേരെടുത്ത് പറയാതെ എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള, ഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം ശിവഗിരി മഠത്തിന്റെ വേദി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കരുതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. എല്ലാ രാഷ്ട്രീയ സംഘടനകളും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മഹത്തായ ഉപദേശമാണ് ഗുരുദേവന്‍ നല്‍കിയത്. അതിന് വേണ്ടിയാണ് തീര്‍ത്ഥാടനത്തിന് അഷ്ടലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിച്ചത്. ശിവഗിരി തീര്‍ത്ഥാനടത്തിന്റെ പവിത്രമായ ഉദ്ദേശം ഈ അഷ്ടലക്ഷ്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് പകര്‍ന്നു നല്‍കുകയെന്നതാണ്. ഓരോ തീര്‍ത്ഥാടനങ്ങളിലൂടെയും ജനങ്ങളില്‍ ഈ ലക്ഷ്യങ്ങള്‍ മഠം എത്തിക്കുന്നുണ്ട്. ഗുരുവിന്റെ പാത എന്തുകൊണ്ട് മറക്കുന്നുവെന്നതാണ് നാം ചിന്തിക്കേണ്ടത്.കേരളം കണ്ട മഹാപ്രളയത്തെ എങ്ങനെ വിലിയിരുത്തണം. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഋഷിവര്യന്മാര്‍ നേരത്തെ പറഞ്ഞിരുന്നതാണ്. സമാധാനത്തിന്റെ നിറമായ മഞ്ഞകൊണ്ട് മനസിനെ ശുദ്ധീകരിക്കാനാണ് തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന്‍ നിര്‍ദ്ദേശിച്ചതെന്നും സ്വാമിവിശുദ്ധാനന്ദ പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ഇന്ത്യ- ശ്രീലങ്ക സൊസൈറ്റിയുടെ പ്രസിഡന്റ് ടി.എസ്.പ്രകാശ്, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു. തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വോളിബാൾ ടൂർണമെന്റിലെ ജേതാക്കൾക്ക് തീർത്ഥാടന എവർറോളിംഗ് ട്രോഫി നൽകും. ശിവഗിരി ടിവിയുടെ ലോഗോ പ്രകാശനം നടന്നു.

വിവിധ സമ്മേളനങ്ങളിലായി ബന്‍വാരിലാല്‍ പുരോഹിത് (തമിഴ്‌നാട്), വാജുഭായ് വാല (കര്‍ണാടക), പി.ബി. ആചാര്യ (നാഗാലാന്‍ഡ്), കുമ്മനം രാജശേഖരന്‍ (മിസോറം) എന്നീ ഗവര്‍ണര്‍മാരും പങ്കെടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പങ്കെടുത്തേക്കും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ തീര്‍ത്ഥാടനത്തില്‍ സാന്നിധ്യമറിയിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ പങ്കെടുക്കും. ഇത്തവണത്തെ തീര്‍ത്ഥാടനത്തില്‍ കായികമേള എന്നൊരു ഇനം കൂടി തുന്നിച്ചേര്‍ത്തിട്ടുണ്ട്. 1912-ല്‍ ഗുരുദേവന്‍ ശാരദാമഠത്തില്‍ വിദ്യാദേവതയെ പ്രതിഷ്ഠിച്ചപ്പോഴും കായികമേളയും വനിതാസമ്മേളനവും സംഘടിപ്പിച്ചിരുന്നു. നവവത്സര ദിനം വരെ ശിവഗിരി മഞ്ഞയിൽ മുങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments