മൂന്നാറിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി

munnar

മൂന്നാറിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചു. ചിത്തിരപുരത്ത് റിസോർട്ടുകാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടിയായി.

കയ്യേറിയ സ്ഥലത്തെ മതിൽ പൊളിച്ചുനീക്കി. സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ 15.56 സെന്റാണ് റിസോർട്ടുടമ കയ്യേറിയത്. ഈ ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശം റിസോർട്ട് ഉടമ അംഗീകരിക്കുകയായിരുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും കണ്ടെത്താന്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചുവരികയായിരുന്നു. നിര്‍മാണ നിരോധനം മറികടന്ന് വന്‍കിട കെട്ടിടങ്ങളാണ് മൂന്നാറില്‍ ഉയര്‍ന്നുകൊണ്ടിരുന്നത്.

പള്ളിവാസല്‍, ചിത്തിരപുരം മേഖലകളിലായിരുന്നു ഏറെയും. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. മൂന്നാറിന്‍റെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വരെ ലംഘിച്ചുകൊണ്ടായിരുന്നു ഇത്.