കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്കു സ്‌റ്റേ ചെയ്തത്.
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്. ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. നാലാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു കോടതി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ 26നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകള്‍ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യമൊട്ടുക്ക് വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്.