കെട്ടിടമില്ലാത്തതിനാല്‍ കക്കൂസിലിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളെ കുറിച്ച് കേട്ടിട്ടുണ്ടോ. മധ്യപ്രദേശിലെ ഒരു സ്‌ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് കക്കൂസിലിരുത്തി. കെട്ടിടമില്ലാത്തത് മൂലം നീമു ജില്ലയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്. ജില്ലാ ആസ്ഥാനത്തു നിന്നും 35 കിലോമീറ്റര്‍ അകലെ മോകപുര ഗ്രാമത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു അധ്യാപകന്‍ മാത്രമുള്ള ഈ സ്‌ക്കൂളില്‍ 34 വിദ്യാര്‍ഥികളാണുള്ളത്.
2012ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. തുടക്കം മുതലേ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് വാടക കെട്ടിടം നഷ്ടപ്പെടുകയായിരുന്നു. അതിന് ശേഷമാണ് കുട്ടികളുടെ പഠനം ഗവണ്‍മെന്റ് സ്ഥാപിച്ച കക്കൂസിലേക്ക് മാറ്റേണ്ടി വന്നത്. എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെയുണ്ടെന്ന് തനിക്കറിയില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൌള പറയുന്നത്. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്.
വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് അത് നടക്കാത്തതിനാല്‍ ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന്‍ കൈലാഷ് ചന്ദ്ര പറയുന്നു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ ഈ ദുരിതം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കൈലാഷ് പരാതിപ്പെടുന്നു. എന്നാല്‍ സ്‌കൂളിന്റെ ദുരിതാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി കെ.സി ശര്‍മ്മ പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെയും കക്കൂസും വൈദ്യുതിയുമില്ലാത്ത സ്‌കൂളിന്റെയും കഥകള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യത്ത് കക്കൂസിലിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ അതിദയനീയമാണ്.