ഷാർജയിലെ അൽഖുലായ മേഖലയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നും പ്രവാസി മലയാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ ഡിക്‌സൺ(35)ന്റെ മൃതദേഹം ബുധനാഴ്‌ച രാത്രിയാണ് കണ്ടെത്തിയത്. അയർലാന്റിലുള്ള കുടുംബത്തെ സന്ദർശിച്ച ശേഷം ഷാർജയിലെ തന്റെ ജോലി രാജി വയ്‌ക്കുന്നതിനാണ് ഇയാൾ ജൂലായ് 30ന് യു.എ.ഇയിലെത്തിയത്. എന്നാൽ പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാർജ എയർപോർട്ട് ഫ്രീസോണിലെ ഒരു കമ്പനിയിൽ 9 വർഷമായി ജോലി നോക്കുകയായിരുന്നു ഡിക്‌സന്റെ ഭാര്യയ്‌ക്ക് അടുത്തിടെ അയർലാന്റിൽ ജോലി കിട്ടിയിരുന്നു. തുടർന്ന് അയർലാന്റിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് ഡിക്‌സൺ ഷാർജയിലെ ജോലി രാജിവയ‌്ക്കാൻ തീരുമാനിച്ചതെന്ന് ഇയാളുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ അയർലാന്റിൽ നിന്നും തിരിച്ചെത്തിയ ഇയാളെ കാണാനില്ലെന്ന് കാട്ടി ഷാർജയിലെ ബന്ധുക്കൾ അൽ വാസിത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
എന്നാൽ ബുധനാഴ്‌ച വൈകുന്നേരം വരെ പൊലീസ് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഷാർജ ലേഡീസ് ക്ലബിന് സമീപത്ത് ഇയാളുടെ കാർ പാർക്ക് ചെയ്‌ത നിലയിൽ രാത്രിയോടെ കണ്ടെത്തുകയായിരുന്നു. ഇതുവഴി പോയ ചില സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അൽ കുവൈത്തി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.