ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും ഇല്ലേ?

digest

ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും ഇല്ലേ? മലബന്ധം, വയറിലെ അസ്വസ്ഥത, ഗ്യാസ്, അല്ലെങ്കിൽ ഭക്ഷണ ശേഷം വയറിലെ ഉരുണ്ട് കയറ്റം അങ്ങനെ നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത്‌ ആരോഗ്യത്തെ മോശമായി ബാധിക്കും. അള്‍സറും ഇത്‌ മൂലം ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ചില കാര്യങ്ങൾ ചെയ്‌താൽ മതിയാകും.

നിങ്ങളുടെ ദഹനം ശരിയാക്കാൻ ആദ്യം ചെയ്യേണ്ടത് ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു ദ്രാവക രൂപത്തിൽ മാത്രം കഴിക്കുക എന്നതാണ്. നമ്മളോട് പ്രായമായവർ ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു മാത്രമേ കഴിക്കാവൂ എന്ന പറയാറുണ്ട്. പക്ഷെ നമ്മളിൽ പലരും അത് ചെയ്യാറില്ലെന്നു മാത്രം. ഉമിനീരുമായി ചേർത്ത് ചവയ്ക്കുമ്പോൾ അത് ദഹനത്തിനാവശ്യമായ എൻസൈമുകളെ ഉദ്ദീപിപ്പിക്കുന്നു. അത് വയറിനെ എല്ലാ പോഷകങ്ങളും ആഗീരണം ചെയ്യാൻ സഹായിക്കും. ഇത് വളരെ ലളിതമായ കാര്യമാണ്. എന്നാൽ പലരും വേഗത്തിൽ ഭക്ഷണം കഴിക്കുകയും ചവച്ചരയ്ക്കാൻ കുറച്ചു സമയം ചെലവാക്കുകയും ചെയ്യുന്നു. ധാരാളം നാരുള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളിലെ നാരുകൾ ചവച്ചു കഴിക്കുന്നത് ദഹനരസങ്ങളെയും എൻസൈമുകളെയും പരിപോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ധാരാളം വെള്ളം കുടിക്കുക

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. ഭക്ഷണം ദഹിക്കാന്‍ വിഷമമുണ്ടെന്ന് തോന്നിയാല്‍ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെയും ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കാനും സഹായിക്കും.

2. ഭക്ഷണം കഴിക്കുമ്പോള്‍ ക്രമം പാലിക്കുക

ആദ്യം ദഹിക്കാന്‍ എളുപ്പമുള്ള പഴം, ജ്യൂസ് പോലുളളവയും പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത് ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്. എല്ലായ്‌പ്പോഴും ഇരുന്ന് ആയാസരഹിതമായി ആഹാരം കഴിക്കുക.

3. നാരങ്ങ വെള്ളം കുടിക്കുക

രാവിലെ ചൂടുവെള്ളം കുടിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ഒഴിച്ച് കുടിക്കുക. എല്ലാ ദിവസവും ഇത് ശീലിക്കുന്നത് വയറ് ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും

4. കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം താമസിപ്പിക്കും. കൊഴുപ്പ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായതിനാല്‍ പൂര്‍ണമായി ഒഴിവാക്കരുത്. അതുകൊണ്ട് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ഇവയും ഉള്‍പ്പെടുത്തുക. അധികമാവരുത്.

5. സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

ഇഞ്ചി, കുരുമുളക്, കല്ലുപ്പ്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. കൊഴുപ്പ് കുറഞ്ഞ തൈര് കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.

6. രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക

വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം സാവധാനമാകും. അതുകൊണ്ട് രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. അല്ലങ്കില്‍ ശരിയായി ദഹനം നടക്കില്ല. കിടക്കുന്നതിനു മുമ്പുള്ള ഭക്ഷണരീതി ഒഴിവാക്കുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ സിറ്റി ന്യൂസിലേക്ക് അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.