Monday, October 7, 2024
HomeHealthപത്രക്കടലാസിൽ പൊതിഞ്ഞ ആഹാരസാധനങ്ങൾ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

പത്രക്കടലാസിൽ പൊതിഞ്ഞ ആഹാരസാധനങ്ങൾ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

വഴിയോരഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഭക്ഷണത്തില്‍ എന്തെല്ലാമാണ് കിട്ടുന്നത് എന്നതാണ് ആരോഗ്യകാംക്ഷികളുടെ ചിന്ത. ഭക്ഷണം എന്തിലാണ് കിട്ടുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല.

നാട്ടിന്‍ പുറങ്ങളിൽ മാത്രമല്ല എന്തിനേറെ നഗരപ്രദേശങ്ങളിലുമൊക്കെ സാധാരണയായി ചായക്കടകളിലും മറ്റുമെല്ലാം ആഹാരസാധനങ്ങൾ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുന്നത് പതിവു കാഴ്ചയാണ്. എണ്ണമയം കൂടുതലുള്ള ആഹാരങ്ങള്‍ പത്രത്താളുകളില്‍ തുടച്ചും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതൊന്നും വലിയ ഒരു പ്രശ്‌നമായി ആരും കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് റിപ്പോര്‍ട്ട്.
പത്രക്കടലാസില്‍ പൊതിഞ്ഞ് ഒരു ആഹാരസാധനങ്ങളും (എണ്ണയില്‍ വറുത്തവ പ്രത്യേകിച്ച്) വാങ്ങരുത് എന്ന് FSSAI മുന്നറിയിപ്പ് നല്‍കുന്നു. എണ്ണയില്‍ വറുത്ത ആഹാരസാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞാല്‍ അച്ചടിമഷി ഇളകുകയും അത് ആഹാരസാധനങ്ങളില്‍ കലരുകയും ചെയ്യും, അച്ചടിമഷിയിലുള്ള അപകടകാരികളായ രാസവസ്തുക്കള്‍ ശരീരത്തില്‍ എത്തി മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഹാര സാധനങ്ങള്‍ അച്ചടിച്ച കടലാസില്‍ പൊതിയുന്ന സമയത്ത്, ആ കടലാസിലുള്ള ഈയം പുറത്ത് വരുകയാണ് ചെയ്യുക. ഈ ഈയവും ആഹാരത്തിനോടൊപ്പം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. ഇത് കഴിക്കുന്നത് ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു.

ഈയം ശരീരത്തില്‍ പ്രവേശിക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, മറവി, അലസത, പെരുമാറ്റവൈകല്യം, ചിന്തശേഷിക്കുറവ് എന്നിവയ്ക്കും കാരണമാകും. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. പലഹാരങ്ങള്‍ കടലാസില്‍ പൊതിയുന്നത് മാത്രമല്ല, കടലാസുകൊണ്ട് മൂടി വയ്ക്കുന്നതും കടലാസിന്റെ മുകളില്‍ വയ്ക്കുന്നതും കടലാസില്‍ കൈ തുടയ്ക്കുന്നതും അപകടമാണ്.

പത്രക്കടലാസില്‍ പൊതിഞ്ഞ് ആഹാരം വില്‍ക്കുന്ന കച്ചവടക്കാരില്‍ മിക്കവര്‍ക്കും അതിന്‍റെ ദോഷവശത്തെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. അവരെ ബോധവത്കരിക്കാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന് സമയവും ഉണ്ടാവില്ല. നാം സ്വയം അറിയുകയും കച്ചവടക്കാരേയും നമ്മുടെ സഹജീവികളെയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് ഒരേയൊരു പോംവഴി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments