തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കണം : ജില്ലാ കളക്ടര്‍

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കണം : ജില്ലാ കളക്ടര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശഭരണ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പദ്ധതി തുക വിനിയോഗത്തിന്റെ കാര്യത്തില്‍ ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം ജില്ല അഞ്ചാം സ്ഥാനത്താണെങ്കിലും 22.2 ശതമാനം തുകയാണ് ഇതുവരെ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ കുറഞ്ഞ ദിനങ്ങള്‍ മാത്രം അവശേഷിക്കെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പദ്ധതി തുക വിനിയോഗം മെച്ചപ്പെടുത്താന്‍ കഴിയൂ എന്നും കളക്ടര്‍ പറഞ്ഞു.

പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്‍ജിനിയറിംഗ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ പ്രത്യേക യോഗം ഈ മാസം 13ന് വിളിച്ചുചേര്‍ക്കും. അനുവദിക്കപ്പെട്ട തുക പൂര്‍ണമായും ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യം വരും വര്‍ഷങ്ങളില്‍ തുകയുടെ ലഭ്യതയെ ബാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധയിന്‍കീഴില്‍ നൂറുദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഒരു കുടുംബത്തിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി കുടുംബങ്ങള്‍ക്ക് നൂറു ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട സെക്ഷനുകളില്‍ ആവശ്യമായ ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തണം. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പദ്ധതി തുക വിനിയോഗത്തില്‍ ഏറ്റവും മുന്നിലുള്ള പത്ത് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിനെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരത്തിനായി പ്രോജക്ടുകള്‍ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും പദ്ധതി തുക ചെലവഴിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ യത്‌നം ഉണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ഈ മാസം 20ന് മുന്‍പ് അംഗീകാരം നേടിയിരിക്കണമെന്നും പുതുതായി സര്‍ക്കാര്‍ തയാറാക്കി നല്‍കിയിട്ടുള്ള പ്രൊക്വയര്‍മെന്റ് മാനുവല്‍ മാര്‍ച്ച് 31 വരെ നടപ്പിലാക്കേണ്ടെന്ന് നിര്‍ദേശം ലഭിച്ചിട്ടുള്ളതായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാതൃകാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ഒ.പി, ഐ.പി വിഭാഗങ്ങളും അഡ്വാന്‍സ് ഒ.പി ബുക്കിംഗ് സൗകര്യം ഉള്‍പ്പടെ ലഭ്യമാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നതിനാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തി ഗുണമേന്മയുള്ള പദ്ധതികള്‍ തയാറാക്കി നല്‍കുകയാണെങ്കില്‍ അത് ജനോപകാരപ്രദമാക്കാന്‍ കഴിയുമെന്ന് സമഗ്ര ആരോഗ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ഡെപ്യുട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഡെപ്യുട്ടി ഡി.എം.ഒ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തൊഴിലുറപ്പു പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.ജി രാജന്‍ബാബു വിശദീകരിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി സത്യന്‍, സൗദാ രാജന്‍, പി.കെ തങ്കമ്മ, ഗിരിജ മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ടി.എന്‍ ഓമനക്കുട്ടന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.