ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ ഇന്ദിരയുടെപേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

INDHIRA K R

മതസ്പര്‍ധ പരത്തുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ആര്‍. ഇന്ദിരയുടെപേരില്‍ കൊടുങ്ങല്ലൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൂത്തുക്കുടി ആകാശവാണിയിലാണ് ഇന്ദിര ഇപ്പോള്‍ ജോലി ചെയ്യുന്നത്.

കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകന്‍ പടിഞ്ഞാറേ വെമ്ബല്ലൂര്‍ മുണ്ടാപ്പുള്ളി എം.ആര്‍. വിപിന്‍ദാസിന്റെ പരാതിയിലാണ് കേസെടുത്തത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള കെ.ആര്‍. ഇന്ദിര കഴിഞ്ഞദിവസങ്ങളില്‍ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും ചില മത, രാഷ്ട്രീയ സംഘടനകള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വംശീയവിദ്വേഷം ഉണ്ടാക്കുന്നതും കലാപപ്രേരിതവുമായ പരാമര്‍ശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.