Thursday, April 18, 2024
Homeപ്രാദേശികംരാസഅപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

രാസഅപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

രാസഅപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
രാസഅപകടങ്ങള്‍ ഒഴിവാക്കാന്‍ വ്യവസായ സ്ഥാപനങ്ങളും രാസവസ്തുക്കളുമായി പോകുന്ന വാഹനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്ന് എഡിഎം അനു എസ്.നായര്‍ പറഞ്ഞു. രാസഅപകടങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വന്‍വ്യവസായശാലകള്‍ ഇല്ലെങ്കിലും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാസവസ്തുക്കളുമായി കടന്നുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ജില്ലയിലെ 12 ഫാക്ടറികളില്‍ രാസഅപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഓണ്‍സൈറ്റ് പ്ലാന്‍ തയാറാക്കി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഫാക്ടറികള്‍ നടപടികളെടുക്കണം. രാസഅപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഓഫ്‌സൈറ്റ് പ്ലാനുകള്‍ ജില്ലാ ഭരണകൂടം തയാറാക്കി നടപ്പാക്കും. രാസഅപകടങ്ങള്‍ ഉണ്ടായാല്‍ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് വകുപ്പ് ക്രമസമാധാന പാലനവും ട്രാഫിക് നിയന്ത്രണവും കൈകാര്യം ചെയ്യണം. മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാ വാഹനങ്ങള്‍ ക്രമീകരിക്കണം. അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളുടെ ചുറ്റുമുള്ള ജനങ്ങളെ ആവശ്യമുള്ളപക്ഷം ഒഴിപ്പിക്കുന്നതിനുള്ള ചുമതല റവന്യു വകുപ്പിനായിരിക്കും. പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍, ഫയര്‍ഫോഴ്‌സ്, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നിവര്‍ ദുരന്തനിവാരണത്തിന് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കണം. രാസഅപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് റവന്യു, പോലീസ് വകുപ്പുകള്‍ക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. പോലീസിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അഡീഷണല്‍ എസ്.ഐമാര്‍ക്കും റവന്യു വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കുക. യോഗത്തില്‍ ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, അടൂര്‍ ആര്‍.ഡി.ഒ ആര്‍.രഘു, ഫാക്ടറീസ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ഷാജികുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അപകടകരമായ രാസവസ്തുക്കളെ സംബന്ധിച്ചും അവയുടെ ചോര്‍ച്ചയുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കൊല്ലം ഫാക്ടറീസ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ബി.സിയാദ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ക്ലാസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments